ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ ശബ്ദം അനുകരിച്ചുള്ള പ്രചരണ വീഡിയോ പിന്‍വലിച്ച് എ.ഐ.എ.ഡി.എം.കെ. അനിതയുടെ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്നാണ് വീഡിയോ പിന്‍വലിച്ചത്.
തമിഴ്‌നാട് സാംസ്‌കാരിക മന്ത്രി പാണ്ഡ്യരാജനാണ് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രചാരണ വീഡിയോ പിന്‍വലിച്ചത്.
ആത്മഹത്യ ചെയ്ത അനിതയുടെ ശബ്ദം ഉപയോഗിച്ച് എ.ഐ.എ.ഡി.എം.കെയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലായിരുന്നു മന്ത്രിയുടെ വീഡിയോ. ഇതിനെതിരെ സഹോദരന്‍ മണിരത്‌നം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അനിത പറയുന്നതായി പ്രചരിപ്പിച്ച വീഡിയോയില്‍ ജയലളിത സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 400 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് മെഡിസിന്‍ പഠിക്കാന്‍ അവസരം ഒരുക്കിയെന്ന് പറയുന്നുണ്ട്. ഡി.എം.കെ രാഷ്ട്രീയ ലക്ഷ്യത്തിനായാണ് ‘നമ്മളെ കൊലപ്പെടുത്തിയത്’ എന്നും വീഡിയോയില്‍ പറയുന്നു.
ഡി.എം.കെയുടെ പാര്‍ട്ടി ചിഹ്നമായ ഉദയ സൂര്യനെ സൂചിപ്പിച്ച്, ഡി.എം.കെ കാരണം അസ്തമിച്ചത് 17 വിദ്യാര്‍ത്ഥികളുടെ ജീവിതമാണെന്നും കെട്ടിച്ചമച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ 2017ല്‍ മരിച്ച തന്റെ സഹോദരിയെ അപമാനിക്കുന്നതിന് തുല്യമാണ് ഈ വീഡിയോ പ്രാചരണം എന്നാണ് സഹോദരന്‍ മണിരത്‌നം പറഞ്ഞത്.അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഒരിക്കലും അനിതയുടെ ശബ്ദം മോര്‍ഫ് ചെയ്ത് ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്നും മണിരത്‌നം പറഞ്ഞിരുന്നു.
വിവിധ തമിഴ് ചാനലുകളും ഈ ശബ്ദ സന്ദേശം പ്രക്ഷേപണം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക