കോഴിക്കോട്: വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ പ്രതികരണവുമായി ഡബ്ല്യു.സി.സി. വിജയ് ബാബുവിൽ ഒളിഞ്ഞിരിക്കുന്ന പീഡന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടതെന്ന് ഡബ്ല്യു.സി.സി ചോദിച്ചു.
”പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനാൽ നടി പീഡന പരാതി ഉയർത്തി, വിവാഹിതനായ തന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നു എന്നും പറഞ്ഞ് വിജയബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അതേ സന്ദർഭത്തിലാണ് കുറച്ചു മണിക്കൂർ മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയോട് അയാൾ നടത്തിയ ലൈംഗിക ശ്രമം പുറത്തു വരുന്നത്. ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്?”
ഡബ്ല്യു.സി.സി ചോദിച്ചു.
സുപ്രീം കോടതിയുടെ ലൈംഗിക പീഡനത്തിന്റെ നിർവ്വചനത്തിൽ സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിൽ നടത്തുന്ന ലൈംഗിക ത്വരയുള്ള , ശാരീരികമോ , വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും ഉൾപ്പെടുമെന്നും ഇത്തരത്തിൽ സോഷ്യൽ മീഡിയകളിലും മറ്റു പൊതുയിടങ്ങളിലും ഇരയെ അപമാനിക്കുന്നത്, ഇതേ നിയമത്തിനു കീഴിൽ ശിക്ഷാർഹമാണെന്നും നിശ്ശബ്ദത മുറിച്ച് സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും അവൾക്കൊപ്പം എന്ന ഹാഷ്ടാഗിൽ ഡബ്ല്യു.സി.സി പ്രസ്താവനയിൽ പറഞ്ഞു.
മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ് വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ ഉണ്ടായിരിക്കുന്നതെന്ന് ഡബ്ല്യു.സി.സി നേരത്തെ വ്യക്തമാക്കിയിരുന്നു.