മലയാള സിനിമയിലെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ശേഖരിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് മലയാളം മൂവി & മ്യൂസിക് ഡാറ്റ ബേസ് അഥവാ എം3ഡിബി.
സിനിമയ്ക്ക് അകത്തെയും പുറത്തെയും രസകരമായ അനുഭവങ്ങളും വിവരങ്ങളും ഗ്രൂപ്പില്‍ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ ജയറാമിന്റെ ഹിറ്റ് സിനിമയായ സൂപ്പര്‍മാന്‍ സിനിമയുടെ ഷൂട്ടിംഗും നടന്മാരായ ജഗദീഷും ഇന്നസെന്റുമായുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്തും ഫിലിം ജേര്‍ണലിസ്റ്റുമായ സുരേഷ് രവീന്ദ്രന്‍.
തന്റെ കോളെജ് പഠനക്കാലത്തെ അനുഭവമാണ് സുരേഷ് രസകരമായ കുറിപ്പായി പങ്കുവെച്ചത്
1997’ലെ ഏതോ ഒരു സമയത്ത്, റാഫി-മെക്കാര്‍ട്ടിന്‍ ടീം എഴുതി സംവിധാനം ചെയ്യുന്ന ജയറാം-ശോഭന ജോഡിയുടെ ‘സൂപ്പര്‍മാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം കോട്ടയ്ക്കകം ആനവാല്‍ തെരുവില്‍ നടക്കുകയാണ്. ജയറാം, ശോഭന, ജഗദീഷ്, ഇന്നസെന്റ്, ജെയിംസ് എന്നീ താരങ്ങള്‍ സെറ്റിലുണ്ട്. ബികോം എന്ന ചുമടിന്റെ രണ്ടാം വര്‍ഷം നടപ്പിലാണ്. തിരുവനന്തപുരത്ത് ഓടിയെത്താവുന്ന ഏരിയയില്‍ എവിടെയൊക്കെ സിനിമാ ഷൂട്ടിംഗ് നടന്നാലും അവിടെയൊക്കെ കൃത്യമായും ഹാജര്‍ വയ്ക്കുന്ന കാലം. ഓട്ടോഗ്രാഫ് ബുക്ക് തന്നെ വേണമെന്നില്ല, കയ്യില്‍ കിട്ടുന്ന പേപ്പര്‍ ഏതാണോ അതു തന്നെ ധാരാളം. റാഫി-മെക്കാര്‍ട്ടിന്‍ ടീമിന്റെ രണ്ടാമത്തെ സിനിമയാണ് ‘സൂപ്പര്‍മാന്‍’. ജയറാമിന്റെ കഥാപാത്രത്തെ അറസ്റ്റ് ചെയ്യാനായി ജഗദീഷിന്റെ എസ്.ഐ കഥാപാത്രം തെരുവിലേക്ക് വരുന്നതാണ് രംഗം. ഇന്നസെന്റും, ജെയിംസും ഒക്കെ ചേര്‍ന്ന് ജഗദീഷിനെ തടഞ്ഞു വച്ച് ചോദ്യം ചെയ്യുന്ന ഭാഗം ഷൂട്ട് ചെയ്യുകയാണ്.
രണ്ടാമത്തെ സിനിമയായതു കൊണ്ടാണോ, പരിചയക്കുറവാണോ എന്നറിയില്ല, ക്യാമറാമാന്‍ ആനന്ദക്കുട്ടന്‍ സാറും ജഗദീഷേട്ടനും ചേര്‍ന്നാണ് ആ രംഗം പ്ലാന്‍ ചെയ്യുന്നത്! അഭിനേതാക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതും ജഗദീഷേട്ടന്‍ തന്നെ. ‘അഴകിയ രാവണന്‍’ എന്ന സിനിമയില്‍ കാണുന്നതിന് സമാനമായി ഇന്നസെന്റ് ചേട്ടന്‍ തന്റെ ഡയലോഗ്‌സ് തെറ്റിച്ചു കൊണ്ട് ടേക്കിന്റെ എണ്ണം കൂട്ടുകയാണ്. വെറുതേ പറയുന്നതല്ല, എനിക്ക് നല്ല ഓര്‍മ്മയുള്ള സാഹചര്യമാണത്. ഒരു വിധത്തില്‍ ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞിട്ട് താരങ്ങളൊക്കെ സമീപത്തുള്ള സ്വാമിയുടെ വീട്ടില്‍ വിശ്രമിക്കാനായി കയറി. ജഗദീഷേട്ടനൊക്കെ ക്യാമറയുടെ മുന്നില്‍ നിന്ന് അധികാരഭാവത്തോടെ ‘ഇയാള് ഇങ്ങനെ വാ…’, ‘താന്‍ ഈ ഡയലോഗ് കഴിഞ്ഞിട്ട് മുന്നോട്ടു വരണം’ എന്നൊക്കെ പറയുന്നത് കണ്ടപ്പോള്‍ തോന്നിയ ആ ഒരു രോമാഞ്ചം എന്നെ അങ്ങേരുടെ പിറകേ വച്ചു വിടാന്‍ പ്രേരിപ്പിച്ചു. സെക്യൂരിറ്റിയുടെ കണ്ണു വെട്ടിച്ച് ഞാനും അവരോടൊപ്പം ആ വീടിനുള്ളിലേക്ക് കയറി.
കയ്യിലൊരു വിശറിയുമായി ഇന്നസെന്റ് ചേട്ടനും, ജഗദീഷേട്ടനും ഓരോ കസേരകളില്‍ അങ്ങനെ ചാഞ്ഞിരിക്കുകയാണ്. എന്റെ കയ്യില്‍ ആകപ്പാടെയുള്ളത് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഡയറി തുറന്ന് വെപ്രാളത്തില്‍ കീറിയെടുത്ത ഒരു പേപ്പര്‍ മാത്രം. കയ്യിലുള്ള പേനയാകട്ടെ സൂക്ഷിച്ചു നോക്കിയാല്‍ കാണാം റീഫില്ലിനുള്ളില്‍ നീല നിറവും ശൂന്യതയും ഇടവിട്ടിടവിട്ട് സീബ്രാ ലൈന്‍ കളിക്കുന്നു! എഴുതിയാല്‍ ഇടമുറിഞ്ഞ് ഒന്നും വ്യക്തമാകില്ല എന്ന് വ്യക്തം! എന്നാലും ജീവിതത്തില്‍ ആദ്യമായി എന്നിലെ ‘ഫിലിം ജേണലിസ്റ്റ്’ ഉണര്‍ന്നു. പേനയില്‍ നിന്നും റീഫില്‍ ഊരിയെടുത്ത് ഒന്നിടവിട്ട് ഊതിയൂതി ഓരോ വാക്കുകള്‍ എഴുതിക്കൂട്ടി മൂന്നു ചോദ്യങ്ങള്‍ തയ്യാറാക്കി, രണ്ടെണ്ണം ജഗദീഷേട്ടന്, ഒന്ന് ഇന്നസെന്റ് ചേട്ടന്. എന്നിട്ട് ധൈര്യപൂര്‍വ്വം ആ പേപ്പര്‍ ആദ്യം ജഗദീഷേട്ടനു നേരെ നീട്ടി, ‘വായിച്ചു നോക്കിയിട്ട് ഉത്തരമെഴുതി ഒപ്പിട്ടു തരാമോ? ആ ചേട്ടനും (ഇന്നസെന്റ്) കൊടുക്കാമോ?’ എന്ന ഡയലോഗും കാച്ചി….
ജഗദീഷേട്ടന്‍ അത് ചിരിച്ചു കൊണ്ട് വാങ്ങി, സ്വന്തം പോക്കറ്റില്‍ നിന്നും പേനയെടുത്ത് ആ പേപ്പറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കുറിച്ച്, ഒപ്പം കയ്യൊപ്പും പതിപ്പിച്ചു. ശേഷം അദ്ദേഹം അത് ഇന്നസെന്റ് ചേട്ടന് കൈമാറി. ചോദ്യം വായിച്ചിട്ട് അങ്ങേര് എന്നെയൊരു നോട്ടം! എന്നിട്ട് ചിരിച്ചു കൊണ്ട് അതില്‍ ഉത്തരമെഴുതിയിട്ട് ഒപ്പിട്ടു തന്നു… 20 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ഒരു കഷ്ണം പേപ്പര്‍, എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്.
(ഇന്നസെന്റ് ചേട്ടനോട് അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ തോന്നിയത് എന്തു കൊണ്ടാണെന്ന് ഇന്നും എനിക്ക് മനസ്സിലാകുന്നില്ല… 🤣🤣😂)
ജഗദീഷിന് എഴുതി കൊടുത്ത ചോദ്യവും ഉത്തരവും
ഇന്നസെന്റിന് എഴുതികൊടുത്ത ചോദ്യവും ഉത്തരവും
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: After reading the question, he gave me a look, Then he laughed and wrote the answer and signed it; The degree boy who wrote the question to Jagadeesh and Innocent