പട്ന: മൻമോഹൻസിങ് ഭരണകാലത്ത് നടത്തിയ ജാതി സർവേയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രധാനമന്തി നരേന്ദ്ര മോദിയോട് ആവശ്യപ്പെടാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയിലേക്കുള്ള നിതീഷ് കുമാറിന്റെ കൂടുമാറ്റം ഇന്ത്യാ മുന്നണിക്ക് ആശ്വാസമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബീഹാറിൽ പ്രവേശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഖ്യകക്ഷി എന്ന നിലയിലുള്ള തൻറെ സ്ഥാനം പ്രയോജനപ്പെടുത്തിക്കൊണ്ട് മൻമോഹൻസിങ് ഭരണകാലത്ത് നടത്തിയ ജാതി സർവേയുടെ റിപ്പോർട്ട് പുറത്തുവിടാൻ നരേന്ദ്ര മോദിയോട് ആവശ്യപ്പെടാൻ അദ്ദേഹം നിതീഷ് കുമാറിനെ വെല്ലുവിളിച്ചു.
‘നിതീഷ് കുമാറിന്റെ പുറത്തുപോകൽ ഇന്ത്യാ സഖ്യത്തെ പ്രതികൂലമായി ബാധിക്കാൻ പോകുന്നില്ല. പല നേതാക്കളും ആശ്വാസത്തിലാണ്. അദ്ദേഹം പോയതിന് ഞങ്ങൾ ദൈവത്തോട് നന്ദി പറയുന്നു.
പട്നയിൽ വച്ച് നടന്ന പ്രതിപക്ഷ നേതാക്കളുടെ ആദ്യ യോഗത്തിന് ആതിഥേയത്വം വഹിച്ചത് നിതീഷ് കുമാർ ആയിരുന്നു എന്നത് ശരിയാണ്. തുടർന്നുള്ള മറ്റു കോൺക്ലേവുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പദ്ധതികൾ എന്താണെന്ന് തിരിച്ചറിയാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ രണ്ടുമൂന്നോ മാസമായി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു,’ ജയറാം രമേശ് പറഞ്ഞു.
‘ജോഡോ ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് തുടങ്ങിയപ്പോൾ യാത്രയുടെ പ്രാധാന്യം കുറക്കുന്നതിന് വേണ്ടി മിലിന്ദ് ദിയോറയെ കൊണ്ട് കോൺഗ്രസിൽ നിന്ന് രാജിവെപ്പിച്ചു.
ബീഹാറിലേക്കുള്ള യാത്രയുടെ പ്രവേശനത്തിൽ ബി.ജെ.പി അസ്വസ്ഥരായിരുന്നു. അതുകൊണ്ട് യാത്ര ബിഹാറിൽ പ്രവേശിച്ചപ്പോൾ നിതീഷ് കുമാറിനെയും കൂടുമാറ്റിയിരിക്കുന്നു,’ അദ്ദേഹം കൂട്ടിചേർത്തു.
‘ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ഇന്ത്യൻ ബ്ലോക്കിനെന്ത് പറ്റും എന്നല്ല, മറിച്ച് എൻ.ഡി.എയെ എങ്ങനെ ബാധിക്കും എന്നാണ്.
അസമിലും ബംഗാളിലും ഭാരത് ജോഡോ ന്യായ് യാത്രക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബീഹാറിലെ ജനങ്ങൾ യാത്രയെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ജനങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ ഈ യാത്ര തുടരുമെന്ന് ദൽഹിയിലിരുന്ന് യാത്ര തടയാൻ ഗൂഢാലോചന നടത്തുന്ന ബി.ജെ.പി നേതാക്കൾ മനസ്സിലാക്കണം. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന്റെ പത്തുവർഷത്തെ ഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രി തന്റെ ഭരണകാലത്തെ അമൃതകാലം എന്ന് വിളിക്കുന്നു. യഥാർത്ഥത്തിൽ ഇത് അനീതിയുടെ കാലമാണ്,’ ജയറാം രമേശ് തുറന്നടിച്ചു.
Content Highlight: After Nitish Kumar’s exit, many in INDIA bloc heaving sigh of relief: Congress