ബറേലി; ഹിന്ദുക്കളുടെ പലായനഭീഷണിക്ക് പിന്നാലെ മുസ്‌ലിം യുവതി വീട് വിൽക്കാൻ ഒരുങ്ങുന്നു
national news
ബറേലി; ഹിന്ദുക്കളുടെ പലായനഭീഷണിക്ക് പിന്നാലെ മുസ്‌ലിം യുവതി വീട് വിൽക്കാൻ ഒരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 8:52 am

ബറേലി: ബറേലിയിൽ  കൂട്ടപലായനം ചെയ്യുമെന്ന ഹിന്ദുക്കളുടെ ഭീഷണിക്ക് പിന്നാലെ വീട് വിൽക്കാനൊരുങ്ങി യുവതി.  മുസ്‌ലിം യുവതി തങ്ങളുടെ അയൽവക്കത്ത് വീട് വാങ്ങിയതിനെ തുടർന്ന് നാട്ടിൽ നിന്നും കൂട്ടപലായനം ചെയ്യുമെന്ന  ഹിന്ദു നിവാസികൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രദേശത്തുള്ള തീവ്ര ഹിന്ദുത്വ സംഘടനയുമായി ചേർന്നാണ് നാട്ടുകാർ പ്രതിഷേധത്തിന് ഇറങ്ങിയത്.  വീടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് വ്യാജ വാർത്തകളും പ്രചരിപ്പിച്ചിരുന്നു. പിന്നാലെ വീടിന്റെ നിലവിലെ ഉടമസ്ഥയായ ശബ്നം വീട് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.  ഇതേ തുടർന്ന് വീടിന്റെ മുൻ ഉടമസ്ഥനായ വിശാൽ സക്‌സേന പൊലീസിന് കത്തയച്ചു.

താൻ വീട് ഹിന്ദുക്കൾക്ക് വിൽക്കാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ വീടിന്റെ സമീപത്തായി ഒരു സൂഫി ആരാധനാലയം ഉണ്ടായിരുന്നതിനാലും സമീപത്ത് മുസ്‌ലിങ്ങൾ താമസിക്കുന്നതിനാലും ആരും വാങ്ങാൻ കൂട്ടാക്കിയില്ലെന്ന് വിശാൽ പറഞ്ഞു.

‘വീട് നോക്കാൻ പതിനഞ്ചോളം ഹിന്ദുക്കൾ വന്നിരുന്നു. എന്നാൽ വീടിനടുത്തായി ഒരു സൂഫി ആരാധനാലയം ഉണ്ട്, കൂടാതെ സമീപ പ്രദേശങ്ങളിൽ മുസ്‌ലിങ്ങൾ താമസിക്കുന്നുമുണ്ട് അതിനാൽ അവർ വീട് വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് വീട് ഞാൻ ഒരു മുസ്‌ലിം യുവതിക്ക് വിൽക്കുകയായിരുന്നു,’ വിശാൽ പറഞ്ഞു.

തനിക്ക് വീട് തിരികെ വേണ്ടെന്നും ഹിന്ദു വിഭാഗത്തിന്റെ ഇത്തരം പ്രവർത്തികൾ നഗരത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പ്രാദേശിക പള്ളി അനധികൃതമായി കൈവശം വെച്ചിരുന്ന ഒരു അസമീസ് മൗലാനയാണ് വിശാലിന്റെ വീട് വാങ്ങിയതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. അതേ സമയം വീട് വിശാലിൽ നിന്ന് വാങ്ങിയ മുസ്‌ലിം യുവതി ശബ്നം വീട് ഏതെങ്കിലും ഹിന്ദുവിന് തന്നെ വിൽക്കാമെന്ന് തീരുമാനിച്ചു.

ശബ്നം വീട് വാങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ സമീപവാസികളായ ഹിന്ദുക്കൾ തീവ്ര ഹിന്ദുത്വ ഗ്രൂപ്പിന്റെ സഹായത്തോടെ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ശബ്‌നത്തിന്റെ പേരിലുള്ള രജിസ്ട്രേഷൻ റദ്ദാക്കിയില്ലെങ്കിൽ കൂട്ട പലായനം നടത്തുമെന്ന് അവർ പ്രാദേശിക അധികാരികളെ ഭീഷണിപ്പെടുത്തി.

മുസ്‌ലിങ്ങളെ തങ്ങളുടെ വീടിന് സമീപം താമസിക്കാൻ അനുവദിച്ചാൽ അത് ലൗജിഹാദ് നടത്തുന്നതിന് തുല്യമാണെന്നാണ് ചില പ്രദേശവാസികളുടെ വാദം. ചിലർ 2010ലെ ബറേലി കലാപത്തിൻ്റെ സൂത്രധാരനായി ശബ്ധത്തിന്റെ സഹോദരനെ മുദ്രകുത്തി. മറ്റുചിലരാകട്ടെ ബംഗ്ലാദേശികളും ആസാമി മുസ്‌ലിങ്ങളും തങ്ങളുടെ അയല്പക്കത്ത് താമസിക്കരുതെന്ന് ആവശ്യപ്പെട്ടു.

 

തുടർന്ന് വീട് മാറുന്നതിനെക്കുറിച്ച് ശബ്‌നവും കുടുംബവും തീരുമാനിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പോലീസ് ഇരു കക്ഷികളുമായും ചർച്ചകൾ നടത്തി വരികയാണെന്നും, വീട് വാങ്ങാൻ മുന്നോട്ടുവരുന്ന ഹിന്ദു സമുദായത്തിൽ നിന്നുള്ള ആർക്കെങ്കിലും വീട് വിൽക്കാൻ ശബ്‌നത്തിൻ്റെ കുടുംബം സന്നദ്ധത അറിയിച്ചതായും ഒരു പോലീസ് ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

Content Highlight: After Hindutva Protest in Bareily, Muslim Family Decides to Sell Home to Any ‘Sanatani’ Who Wishes to Buy It