Advertisement
World Test Championship
ഒന്ന് ചൊറിഞ്ഞതാ, പിന്നെ ഒന്നും ഓര്‍മയില്ല... ഇത് സിറാജിന്റെ പ്രതികാരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jun 07, 03:40 pm
Wednesday, 7th June 2023, 9:10 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ക്രിക്കറ്റ് ലോകത്തെ രണ്ട് കരുത്തന്‍മാര്‍ കൊമ്പുകൊര്‍ക്കുന്ന മത്സരത്തില്‍ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല. തകര്‍പ്പന്‍ സ്‌ക്വാഡുമായി ഇംഗ്ലണ്ടിലെത്തിയ ഇരുടീമും സാഹചര്യത്തിനൊത്ത ദി ബെസ്റ്റ് ഇലവനെ തന്നെയാണ് കളത്തിലിറക്കിയതും.

മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ച ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തീരുമാനം ശരിവെച്ചുകൊണ്ട് ബൗളര്‍മാര്‍ കളം നിറഞ്ഞാടുകയും ചെയ്തിരുന്നു. ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കി തുടങ്ങിയ ഇന്ത്യ തുടര്‍ന്നും മികച്ച രീതിയില്‍ പന്തെറിഞ്ഞുകൊണ്ടിരുന്നു.

നാലാം ഓവറിലെ നാലാം പന്തിലാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ച ഫസ്റ്റ് വിക്കറ്റ് പിറന്നത്. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കി മുഹമ്മദ് സിറാജാണ് തുടങ്ങിയത്. പത്ത് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് താരം മടങ്ങിയത്.

വണ്‍ ഡൗണായെത്തിയത് സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ ആയിരുന്നു. ഡേവിഡ് വാര്‍ണറിനൊപ്പം മികച്ച ഇന്നിങ്‌സ് കെട്ടിപ്പെടുത്താന്‍ ഉറച്ചായിരുന്നു ലബുഷാനിറങ്ങിയത്.

ഇതിനിടെ മുഹമ്മദ് സിറാജുമായി ചില ചൂടേറിയ വാക്കുതര്‍ക്കങ്ങളിലും ലബുഷാന്‍ ഉള്‍പ്പെട്ടിരുന്നു. സിറാജ് എറിഞ്ഞ ആറാം ഓവറിലാണ് സംഭവങ്ങളുടെ തുടക്കം. താരത്തിന്റെ പേസിന് മുമ്പില്‍ റണ്ണെടുക്കാന്‍ പാടുപെട്ട ലബുഷാന്‍ സിറാജിനെ തുറിച്ച് നോക്കുകയും സ്ലെഡ്ജ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഷമിക്ക് ശേഷം എട്ടാം ഓവര്‍ എറിയാനെത്തിയ സിറാജ്, ലബുഷാന് വേണ്ടതെന്തോ അത് നല്‍കിയിരുന്നു. ഓവറിലെ ആദ്യ പന്തില്‍ തന്നെ സിറാജിന്റെ വേഗത ഒരിക്കല്‍ക്കൂടി ലബുഷാന്‍ അറിഞ്ഞു.

143 കിലോമീറ്റര്‍ വേഗതിയിലെത്തിയ പന്തിന് എക്സ്ട്രാ ബൗണ്‍സ് ഉണ്ടാകുമെന്ന് ലബുഷാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. പന്ത് ഷോട്ട് കളിക്കാതെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പന്ത് താരത്തിന്റെ ഇടംകയ്യിലെ തള്ളവിരലില്‍ ചെന്നിടിക്കുകയായിരുന്നു. പന്ത് കയ്യില്‍ ചെന്നിടിച്ചതിന്റെ വേദനയില്‍ ബാറ്റ് പോലും താരത്തിന്റെ കയ്യില്‍ നിന്നും വീണുപോയിരുന്നു.

സിറാജിന്റെ ഈ ഡെലിവെറിക്ക് പിന്നാലെ ആരാധകരും രംഗത്തെത്തിയിരുന്നു.

എന്നാല്‍ വിരലിന് കാര്യമായി പരിക്കൊന്നും പറ്റാതിരുന്ന ലബുഷാന്‍ ബാറ്റിങ് തുടരുകയായിരുന്നു. ആദ്യ സെഷന്‍ ബാറ്റിങ് പൂര്‍ത്തിയാക്കിയ ലബുഷാന്‍ രണ്ടാം സെഷന്റെ തുടക്കത്തില്‍ തന്നെ പുറത്താവുകയായിരുവന്നു.

62 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയുടെ അകമ്പടിയോടെ 26 റണ്‍സ് നേടി നില്‍ക്കവെ മുഹമ്മദ് ഷമിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

നിലവില്‍ 63 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 230 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 149 പന്തില്‍ നിന്നും 53 റണ്‍സടിച്ച സ്റ്റീവ് സ്മിത്തും 100 പന്തില്‍ നിന്നും 98 റണ്‍സെടുത്ത ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

 

Content Highlight: After heated argument Siraj’s reply to Marnus Labuschagne with an unplayable delivery