ഫല പ്രഖ്യാപനത്തിന് ശേഷം ഇന്റേണല്‍ മാര്‍ക്ക് തിരുത്തി നല്‍കി; കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമലംഘനം നടന്നെന്ന് ഓഡിറ്റ് റിപ്പോർട്ട്
Kerala News
ഫല പ്രഖ്യാപനത്തിന് ശേഷം ഇന്റേണല്‍ മാര്‍ക്ക് തിരുത്തി നല്‍കി; കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമലംഘനം നടന്നെന്ന് ഓഡിറ്റ് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2024, 9:02 am

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം ഇന്റേണല്‍ മാര്‍ക്ക് നിയമവിരുദ്ധമായി തിരുത്തിയെന്ന് കണ്ടെത്തല്‍. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

ഇതിന് പുറമേ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താൻ സര്‍വകലാശാലക്ക് സാധിച്ചില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-21 അധ്യയന വര്‍ഷത്തെ സിന്‍ഡിക്കേറ്റ് പരീക്ഷ സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ മിനിറ്റ്‌സുകള്‍ പരിശോധിച്ചതിന് ശേഷമാണ് നിയമലംഘനം കണ്ടെത്തിയത്.

43 വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് ഫല പ്രഖ്യാപനത്തിന് ശേഷം തിരുത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഹാന്‍ഡ് ബുക്ക് ഓഫ് എക്‌സാമിനേഷന്‍ പ്രകാരം ഇന്റേണല്‍ മാര്‍ക്ക് കേളേജുകളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. മൂന്ന് ദിവസമാണ് ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച പരാതി സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സമയം.

പരാതിയില്ലെങ്കില്‍ മാര്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്യണമെന്നാണ് നിയമം. ഫലം പ്രഖ്യാപിച്ചതിന് ശേഷം മാര്‍ക്കില്‍ തിരുത്തല്‍ വരുത്തുന്നത് അനുവദിനീയമല്ലെന്നും നിയമത്തില്‍ പറയുന്നുണ്ട്.

ഇതിന് പുറമേ, 2020-21 അധ്യയന വര്‍ഷത്തില്‍ 50 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ നിന്ന് കാണാതായെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരക്കടലാസ് കൈകാര്യം ചെയ്തത് കൂട്ടായ പ്രവര്‍ത്തനം ആയതിനാല്‍ ഇതിന്റെ ഉത്തരവാദികള്‍ ആരാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് വിഷയത്തില്‍ പരീക്ഷാ വിഭാഗം നല്‍കിയ മറുപടി.

എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവാദികളെ കണ്ടെത്തി പുനഃപരീക്ഷ നടത്തിയതിന്റെ നഷ്ടപരിഹാരം ഈടാക്കി അറിയിക്കാനും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: After declaration of result, internal marks are corrected; Audit report pointed violation of law in Calicut University