ബാബരിക്കും ഗ്യാൻവാപിക്കും മഥുരക്കും പിന്നാലെ അജ്മീര്‍ മസ്ജിദിലും കണ്ണുവെച്ച് സംഘപരിവാര്‍
national news
ബാബരിക്കും ഗ്യാൻവാപിക്കും മഥുരക്കും പിന്നാലെ അജ്മീര്‍ മസ്ജിദിലും കണ്ണുവെച്ച് സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2024, 8:03 am

ജയ്പൂര്‍: ബാബരി മസ്ജിദിനും ഗ്യാന്‍വാപി മസ്ജിദിനും പിന്നാലെ അജ്മീരിലെ അധൈ ദിന്‍കാ ജൊന്‍പുരി പള്ളിയും ലക്ഷ്യമിട്ട് സംഘപരിവാര്‍. സംഘ്പരിവാര്‍ സംഘടനകളുടെ അകമ്പടിയോടെ ചൊവ്വാഴ്ച ജൈന സന്യാസിമാരുടെ പ്രതിനിധി സംഘം പള്ളിയില്‍ സന്ദര്‍ശനം നടത്തി.

പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം അവിടെ മുമ്പൊരു ക്ഷേത്രവും സംസ്‌കൃത സ്‌കൂളും ഉണ്ടായിരുന്നു എന്ന് ഇവർ അവകാശപ്പെട്ടു. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നാണ് ഇവര്‍ അവകാശപ്പെട്ടത്.

പിന്നാലെ അജ്മീറിലെ ബി.ജെ.പി പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തു. അയോധ്യ, കാശി വിശ്വനാഥ്, മഥുര എന്നിവയുടെ മാതൃകയിൽ അജ്മീരിലെ പള്ളിനില്‍ക്കുന്ന സ്ഥലവും തിരിച്ചുപിടിച്ച് സംരക്ഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ജൈന സന്യാസി സുനില്‍ സാഗറിനൊപ്പം രാജസ്ഥാനിലെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ നേതാക്കളാണ് പ്രദേശം സന്ദര്‍ശിച്ചത്.

ഗണപതിയുടെതോ അല്ലെങ്കില്‍ യക്ഷന്റെ സാദൃശ്യമുള്ള ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ തങ്ങള്‍ കണ്ടെന്നാണ് പള്ളി സന്ദര്‍ശിച്ചതിന് ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

‘വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ താക്കോല്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് അകത്ത് കയറാന്‍ കഴിഞ്ഞില്ല. മുഗളന്മാര്‍ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ പഴയ ഘടന മാറ്റി പുതിയ രൂപം നല്‍കുകയായിരുന്നു,’ പള്ളി സന്ദര്‍ശിച്ചതിന് ശേഷം സംഘം മാധ്യമങ്ങളോട് പറഞ്ഞു. പഴയ രൂപം തിരിച്ച് കൊണ്ടുവരാന്‍ പ്രദേശത്ത് സംസ്‌കൃത സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പള്ളി നില്‍ക്കുന്ന പരിസരത്ത് സര്‍വേ നടത്തിയാല്‍ കൂടുതല്‍ വിഗ്രഹങ്ങള്‍ കണ്ടെത്താനാകുമെന്നും അതിന് അനുമതി നല്‍കണമെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം. പ്രദേശം ആരുടെതാണോ അത് അവര്‍ക്ക് തിരികെ നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് പള്ളി.

ദല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താനായ ഖുതുബുദ്ദീന്‍ ഐബക്ക് എ.ഡി 1199ല്‍ ആണ് പള്ളി പണിതത്. പിന്നീട് 1213ല്‍ സുല്‍ത്താന്‍ ഇല്‍തുത്മിഷാണ് പള്ളി നവീകരിച്ചത്. പുരാവസ്തു വകുപ്പിന്റെ വെബ്‌സൈറ്റില്‍ പള്ളിയുടെ ചരിത്രം വിശദീകരിക്കുന്നുണ്ട്.

Content Highlight: After Ayodhya, Kashi, Mathura, Sangh Sets Eyes on Ajmer Mosque