ബി.ആർ.എസ് സർക്കാരിന്റെ ഉപദേഷ്ടാക്കൾക്ക് പിന്നാലെ സ്റ്റേറ്റ് പാനൽ ഉദ്യോഗസ്ഥരെയും പുറത്താക്കി രേവന്ത് റെഡ്ഡി
national news
ബി.ആർ.എസ് സർക്കാരിന്റെ ഉപദേഷ്ടാക്കൾക്ക് പിന്നാലെ സ്റ്റേറ്റ് പാനൽ ഉദ്യോഗസ്ഥരെയും പുറത്താക്കി രേവന്ത് റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2023, 9:26 pm

ഹൈദരാബാദ്: ബി.ആർ.എസ് സർക്കാർ നിയമിച്ച ഏഴ് ഉപദേഷ്ടാക്കളെ പുറത്താക്കിയതിനു പിന്നാലെ സ്റ്റേറ്റ് പാനലിന്റെ ചെയർപേഴ്സൺമാരുടെയും വൈസ് ചെയർപേഴ്സൺമാരുടെയും നിയമനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

ഡിസംബർ പത്തിന് പുറത്തുവിട്ട സർക്കാർ ഉത്തരവിൽ കരാർ അടിസ്ഥാനത്തിലും ഔട്ട്‌സോഴ്സിങ്ങിലും നിയമിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും പിരിച്ചുവിടുന്നതായും പി.എ, പി.എസ്, ഒ.എസ്.ഡി എന്നീ തസ്തികകളിൽ ചുമതലപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ വകുപ്പുകളിലേക്ക് തിരിച്ച് അയക്കുന്നതായും അറിയിച്ചു.

54 ഉദ്യോഗസ്ഥരെയാണ് പുതിയ തീരുമാനം ബാധിച്ചത്. സംസ്ഥാന ഖജനാവിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ബി.ആർ.എസിന് കൂട്ടുനിൽക്കുന്നു എന്ന് ആരോപിച്ച് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് രേവന്ത് റെഡ്‌ഡി ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉയർത്തിയിരുന്നു.

ഡിസംബർ ഒമ്പതിന് ബി.ആർ.എസ് സർക്കാർ നിയമിച്ച ഏഴ് ഉപദേശകരെ രേവന്ത് റെഡ്‌ഡി പുറത്താക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്, സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്, ന്യൂനപക്ഷ ക്ഷേമ ഉപദേഷ്ടാവ്, ധനകാര്യ ഉപദേഷ്ടാവ്, പോലീസ് നിയമവാഴ്ച, കുറ്റകൃത്യ നിയന്ത്രണ ഉപദേഷ്ടാവ്, കാർഷിക ഉപദേഷ്ടാവ്, വനം വകുപ്പ് ഉപദേഷ്ടാവ് എന്നിവരെയായിരുന്നു പുറത്താക്കിയത്.

ബി.ആർ.എസ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ഉപദേഷ്ടാവായിരുന്ന സോമേഷ് കുമാർ ആയിരുന്നു ധരണി പോർട്ടൽ നടപ്പാക്കുന്നതിൽ നിർണായക പങ്കു വഹിച്ചത്. പദ്ധതി തട്ടിപ്പാണെന്ന് ആരോപിച്ച കോൺഗ്രസ്‌ മികച്ച പതിപ്പ് കൊണ്ടുവരുമെന്നും വാഗ്ദാനം നൽകിയിരുന്നു.

Content Highlight: After advisors, Telangana CM Revanth sacks chairpersons of state panels