കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2021 ഓഗസ്റ്റിലായിരുന്നു താലിബാന്‍ സേന തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തത്.
ഈയവസരത്തില്‍ താലിബാന്‍ നേതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിവിധ അഫ്ഗാന്‍ നയതന്ത്ര (ഡിപ്ലോമാറ്റിക്) മിഷനുകള്‍.
തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ താലിബാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പകരം ‘ഡ്രാക്കോണിയന്‍ നിയമങ്ങളാണ്’ താലിബാന്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നതെന്നും നയതന്ത്ര മിഷനുകള്‍ പ്രതികരിച്ചു.
പൊതു ഇടങ്ങളില്‍ സ്ത്രീകളെ തുടച്ചുമാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും ലോകമെമ്പാടുമുള്ള അഫ്ഗാന്‍ നയതന്ത്ര ദൗത്യങ്ങള്‍ തിങ്കളാഴ്ച പ്രതികരിച്ചു.
അന്താരാഷ്ട്ര തലത്തില്‍ താലിബാനും അവരുടെ നേതാക്കള്‍ക്കും നല്‍കിയ ഇളവുകള്‍ ഗ്രൂപ്പ് ദുരുപയോഗം ചെയ്തുവെന്നും അതിനാല്‍ ചില താലിബാന്‍ നേതാക്കള്‍ക്കുള്ള യു.എന്‍ നിര്‍ബന്ധിത യാത്രാ വിലക്ക് അന്താരാഷ്ട്ര സമൂഹം ശക്തിപ്പെടുത്തണമെന്നും വിവിധ രാജ്യങ്ങളിലെ അഫ്ഗാന്‍ മിഷനുകള്‍ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യം പിടിച്ചെടുത്തതിന്റെ വാര്‍ഷികം കഴിഞ്ഞ ദിവസം താലിബാന്‍ ‘ആഘോഷിച്ചിരുന്നു’. തലസ്ഥാനമായ കാബൂളില്‍ നടന്ന സൈന്യത്തിന്റെ റാലികളില്‍ പക്ഷെ സ്ത്രീകളുള്‍പ്പെടുന്ന പൊതുജനങ്ങള്‍ പങ്കെടുത്തിരുന്നില്ല.
നൂറുകണക്കിന് താലിബാന്‍ സൈനികരായിരുന്നു തിങ്കളാഴ്ച കാബൂളിലെ തെരുവുകളില്‍ പ്രകടനം നടത്തിയത്. തോക്കുകള്‍ കയ്യിലേന്തിക്കൊണ്ട് പിക്കപ്പ് ട്രക്കുകളിലായിരുന്നു പ്രകടനം.