Kerala News
ലോക്ഡൗണ്‍ ബുദ്ധിമുട്ടുകളെ പരിഗണിക്കാതെ ക്ഷേമനിധിയിലേക്ക് പണപ്പിരിവ്; യുവ അഭിഭാഷകര്‍ പണപ്പിരിവ് തടസ്സപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 15, 07:58 am
Monday, 15th June 2020, 1:28 pm

കോഴിക്കോട്: അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള പണപ്പിരിവ് തടസ്സപ്പെടുത്തി കോഴിക്കോട് ജില്ലാ കോടതിയിലെ യുവ അഭിഭാഷകര്‍. ലോക്ഡൗണ്‍ ആയതിനാല്‍ വലിയ വിഭാഗം അഭിഭാഷകര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാല്‍ ക്ഷേമനിധി ഇപ്പോള്‍ അടക്കാന്‍ കഴിയില്ലെന്നും സാവകാശം വേണമെന്നുമാണ് യുവ അഭിഭാഷകരുടെ ആവശ്യം.

ജൂണ്‍ 30ന് മുമ്പാണ് ക്ഷേമനിധി തുക അടക്കേണ്ടത്. ലോക്ഡൗണ്‍ ആയതിനാല്‍ വരുമാനമില്ലാത്തതിനാല്‍ അഭിഭാഷകര്‍ക്ക് പണമടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സാവകാശം വേണമെന്നും കേരള ബാര്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിഴയോടു കൂടി പിന്നീട് അടക്കാം എന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. ഈ നിര്‍ദേശത്തെ ബാര്‍ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് ബാര്‍ അസോസിയേഷനുകള്‍ ക്ഷേമ നിധിയിലേക്കുള്ള പണം വാങ്ങാന്‍ ആരംഭിച്ചത്. എന്നാല്‍ പലിശയോട് കൂടി പിന്നീട് അടക്കാവുന്ന സംവിധാനമല്ല മറിച്ച് സാവകാശമാണ് വേണ്ടതെന്നാണ് യുവ അഭിഭാഷകരുടെ വാദം.

ക്ഷേമനിധിയിലേക്കുള്ള തുകയും പലിശയും ചേര്‍ത്ത് അടക്കാന്‍ കഴിയുന്ന വരുമാനം ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കഴിയുമെന്നും അതിനാല്‍ പലിശ ഒഴിവാക്കി ക്ഷേമനിധി തുക മാത്രം അടക്കാന്‍ കഴിയുകയുള്ളൂ എന്ന് യുവ അഭിഭാഷകര്‍ പറഞ്ഞു. അതിന് ആറ് മാസമെങ്കിലും സാവകാശം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ