ഒരു ലക്ഷം പ്രതിഫലം, കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ മന്ദിരത്തില്‍ കിളികള്‍ വിസര്‍ജിക്കുന്നതിന് പരിഹാരം കണ്ടെത്തുന്നതിന് പരസ്യം; ട്രോളി സോഷ്യല്‍ മീഡിയ
national news
ഒരു ലക്ഷം പ്രതിഫലം, കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിന്റെ മന്ദിരത്തില്‍ കിളികള്‍ വിസര്‍ജിക്കുന്നതിന് പരിഹാരം കണ്ടെത്തുന്നതിന് പരസ്യം; ട്രോളി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th June 2021, 2:40 pm

ന്യൂദല്‍ഹി: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ ആസ്ഥാന മന്ദിരമായ ഇന്ദിര പര്യാവരന്‍ ഭവന്‍ എന്ന കെട്ടിടത്തില്‍ കിളികള്‍ വിസര്‍ജിക്കുന്നതിന് അടിയന്തിര പരിഹാരം കണ്ടെത്തുന്നതിനായി പരസ്യം. പരസ്യത്തില്‍ പറയുന്ന മാനദണ്ഡപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കും.

മേഖലയില്‍ മുന്‍പരിചയമുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കമ്പനികള്‍ക്കോ അപേക്ഷിക്കാം എന്നാണ് പരസ്യത്തില്‍ പറയുന്നത്.
നിര്‍ദേശിക്കപ്പെടുന്ന പരിഹാരങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം. മികച്ച സാങ്കേതികവിദ്യ ആയിരിക്കണം. ചെലവ് കുറവായിരിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യം നല്‍കിയിട്ടുള്ളത്. ഏറ്റവും മികച്ച മൂന്ന് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുമെന്നും അവര്‍ക്ക് ഇതുസംബന്ധിച്ച കരാര്‍ നല്‍കുമെന്നും പരസ്യത്തില്‍ ചൂണ്ടക്കാണിക്കുന്നു. പരസ്യം പുറത്തുവന്നതിന് പിന്നാലെ വലിയ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.

May be an image of text

‘ഇവിടെ കാക്ക തൂറരുത് ‘ എന്ന് ബോര്‍ഡ് വച്ചാ പോരേ?, ആ ഏരിയയിലുള്ള പക്ഷികളുടെ എല്ലാം ആസനത്തില്‍ ഓരോ ആപ്പടിച്ചാല്‍ മതിയോ, ‘കാക്കള്‍ക്ക് കൗപീനം’ പ്രൊജക്റ്റ് നോക്കിക്കൂടെ?, ആമസോണില്‍ കിളി ഡയപ്പര്‍ കിട്ടും. വാങ്ങി ഓരോ കാക്കയേയും പിടിച്ച് ഫിറ്റ് ചെയ്ത് വിട്ടാ പോരേ,’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പരസ്യത്തെ ട്രോളി സാമൂഹ്യ മാധ്യമങ്ങളിള്‍ നിറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ

CONTENT HIGHLIGTS:  Advertisement to find a solution for bird droppings in the building of the Central Meteorological Ministry