ഗോപാലകൃഷ്ണന്റെ വിവരക്കേടിന് മറുപടിയില്ല; വീടിന് മുന്‍പില്‍ വന്ന് ജയ്ശ്രീരാം വിളിച്ചോട്ടെ; ഞാനും ഒപ്പം കൂടാം; മറുപടിയുമായി അടൂര്‍
തിരുവനന്തപുരം: വീടിന് മുന്‍പില്‍ വന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് മറുപടിയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍.
വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക? വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ ദ ക്യൂവിനോട് പറഞ്ഞു.
ശ്രീരാമനെ ഈ വഷളന്‍മാര്‍ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞത്.
ബി.ജെ.പിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമന്‍. എല്ലാജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാന്‍ വയ്യെങ്കില്‍ അങ്ങനെ കണ്ടാല്‍ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.- അടൂര്‍ പ്രതികരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അടൂരിന് ചന്ദ്രനിലേയ്ക്ക് പോകാമെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച നടപടിക്കെതിരെയായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്.
‘ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും’- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ചോദ്യം.