500 രൂപയും പത്ത് മിനിറ്റുമുണ്ടെങ്കില്‍ ആരുടെ ആധാര്‍ വിവരങ്ങളും ചോര്‍ത്താം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
Adhaar
500 രൂപയും പത്ത് മിനിറ്റുമുണ്ടെങ്കില്‍ ആരുടെ ആധാര്‍ വിവരങ്ങളും ചോര്‍ത്താം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th January 2018, 1:05 pm

ന്യൂദല്‍ഹി: 500 രൂപ കൊടുത്താല്‍ ആരുടെ ആധാര്‍ വിവരങ്ങളും ചോര്‍ത്താന്‍ കഴിയുന്ന മാഫിയ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി ദി ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതീവ രഹസ്യമായി സൂക്ഷിക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ആധാര്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പത്തു മിനിറ്റും 500 രൂപയും മതിയെന്നാണ് റിപ്പോര്‍ട്ട്.

300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരില്‍ വേണമെങ്കിലും ആധാര്‍ എടുക്കുകയും ചെയ്യാം. ഇതിനുവേണ്ട സോഫ്റ്റവെയര്‍ കമ്പ്യൂട്ടറുകളില്‍ സംഘം തന്നെ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും.

ട്രിബ്യൂണ്‍ പത്രത്തിന്റെ ലേഖിക രചന ഖൈര നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. അനാമിക എന്ന് പേര് കൊടുത്തു. ഫോണ്‍ നമ്പരും മെയില്‍ ഐഡിയും നല്‍കി. 500 രൂപ പറഞ്ഞ അക്കൗണ്ടിലേക്കും അടച്ചു. 20 മിനിറ്റിനകം രചനയെ ഒരു ആധാര്‍ എന്റോള്‍മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ ലഭിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലേഖികയ്ക്ക് ലഭ്യമായി.

ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട ലേഖികയ്ക്ക് 300 രൂപ കൂടി മുടക്കിയപ്പോള്‍ ഏജന്റ് അതും ലഭ്യമാക്കി. മറ്റൊരാള്‍ “ടീം വ്യുവര്‍” വഴി ലേഖികയുടെ കമ്പ്യൂട്ടറില്‍ കയറി ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുകയായിരുന്നു. അതോടെ ഇന്ത്യയില്‍ ആരുടെപേരിലുള്ള ആധാര്‍ കാര്‍ഡ് അച്ചടിയ്ക്കാനും ലേഖികയ്ക്ക് കഴിയുമെന്ന സ്ഥിതിയായി.

അതേസമയം ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യു.ഐ.ഡി.എ.ഐ അധികൃതരും സമ്മതിച്ച്ു. എന്നാല്‍ ഇതെങ്ങനെ സാധിക്കുന്നു എന്ന് കൃത്യമായി പറയാന്‍ അധികൃതര്‍ക്കായില്ല. രാജസ്ഥാന്‍ സര്‍ക്കാരിന്റെ സൈറ്റിലൂടെയാണ് ആധാര്‍ വിവരങ്ങളിലേക്കു കടന്നുകയറാന്‍ തട്ടിപ്പ് സംഘം ലേഖികയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്.

രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഈ വിവരശേഖരം കൈകാര്യം ചെയ്യുന്നത് ഐ.എല്‍.ആന്‍ഡ് എഫ്.എസ് എന്ന സ്ഥാപനമാണ്. 2012 ലെ വിവാദമായ ഹൈദരാബാദ് വിവര ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട സ്ഥാപനമാണിത്.

ആധാറിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുമ്പോഴാണ് തട്ടിപ്പ് കഥ പുറത്തു വരുന്നത്. ആറുമാസം മുന്‍പാണ് തട്ടിപ്പു സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്.