Entertainment news
എന്നെക്കുറിച്ച് പറയുന്നതെല്ലാം തെറ്റിദ്ധാരണയാണ്; 12 കോടി ബജറ്റില്‍ നിര്‍മിച്ച ആ ചിത്രത്തില്‍ എന്നെ കാണാന്‍ പോലുമില്ല: ഷീലു എബ്രഹാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 14, 03:25 am
Tuesday, 14th March 2023, 8:55 am

ഭാര്യയായ തനിക്ക് അഭിനയിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് സിനിമ നിര്‍മിക്കുന്നതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്ന് നടി ഷീലു എബ്രഹാം. പുറത്തുള്ള ആളുകള്‍ അങ്ങനെയാണ് തന്നെക്കുറിച്ച് പറയുന്നതെന്നും അവര്‍ക്ക് സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ച് ശരിയായ ബോധമില്ലാത്തതുകൊണ്ടാണ് അത്തരം പരാമര്‍ശങ്ങളെന്നും ഷീലു പറഞ്ഞു.

താന്‍ അഭിനയിച്ച സിനിമകള്‍ ആ രീതിയില്‍ ഭര്‍ത്താവ് നിര്‍മിച്ചതാണെങ്കില്‍ ഒരു വര്‍ഷം തനിക്ക് എത്ര സിനിമകള്‍ വേണമെങ്കിലും ചെയ്യാമെന്നും ഭര്‍ത്താവ് നിര്‍മിച്ചതില്‍ ഏറ്റവും ബിഗ്ബജറ്റ് ചിത്രമായ സോളോയില്‍ തന്നെ കാണാന്‍ പോലുമില്ലെന്നും ഷീലു പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലാണ് ഷീലു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ബിസിനസുകാരന്റെ ഭാര്യയായതിനാല്‍ അതിനകത്ത് നമ്മള്‍ ഡെഡിക്കേറ്റഡായിരിക്കണം. എനിക്ക് നിര്‍മാണത്തേക്കാള്‍ ഇഷ്ടം അഭിനയമാണ്. ഇപ്പോള്‍ നിര്‍മാണത്തിലേക്ക് കുറച്ച് താല്‍പര്യം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായിട്ട് അവസാനം ചെയ്ത വീകമെന്ന സിനിമ ഞാനാണ് നിര്‍മിച്ചത്.

ഇനി അടുത്ത മാസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട്. അതിന്റെ നിര്‍മാണവും ഞാന്‍ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ അതില്‍ ഞാന്‍ അഭിനയിക്കുന്നില്ല. പുറത്ത് ആളുകള്‍ പറയുന്നത് എന്റെ ഭര്‍ത്താവിന്റെ കയ്യില്‍ പണമുണ്ട്. അതുകൊണ്ട് ഭാര്യക്ക് അഭിനയിക്കാന്‍ കുറച്ച് പടം പിടിക്കുന്നു എന്നാണ്. പക്ഷെ അതൊരു തെറ്റിദ്ധാരണയാണ്.

കാരണം അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ല. ഒരു സിനിമക്ക് വേണ്ടി വെറുതെ കളയാനുള്ളതിന് മാത്രം പൈസയൊന്നുമില്ല. ആ പണം അദ്ദേഹം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. ഞാന്‍ അഭിനയിച്ച സിനിമകള്‍ അങ്ങനെയാണെങ്കില്‍ ഒരു വര്‍ഷം എനിക്ക് എത്രയോ സിനിമകള്‍ ചെയ്യാം.

ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും ബിഗ് ബജറ്റ് സിനിമ സോളോയാണ്. ആറ് വര്‍ഷം മുമ്പ് ആ സിനിമക്ക് ചിലവാക്കിയത് 12 കോടിയാണ്. ആ സിനിമയില്‍ എന്നെ കാണാന്‍ പോലുമില്ല. അഭിനയിച്ചിട്ടുണ്ടോയെന്നത് നമ്മള്‍ പറഞ്ഞാല്‍ മാത്രമെ അറിയുകയുള്ളൂ.

പിന്നെ നമ്മള്‍ നിര്‍മിച്ച ഒരു സിനിമയും പെട്ടിക്കകത്ത് നിന്നു പോയിട്ടില്ല. എല്ലാം റിലീസ് ചെയ്ത് നഷ്ടമില്ലാതെ പോകുന്ന ഒരു പ്രൊഡക്ഷന്‍ കമ്പനിയാണ്,” ഷീലു എബ്രഹാം പറഞ്ഞു.

content highlight: actress sheelu abraham about comments