അഭിനയ ജീവിതം ആരംഭിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് നടി സീമ ജി.നായര്‍. തന്റെ അമ്മ ഒരു നാടക നടി ആയിരുന്നു എന്നും അതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ മക്കളൊക്കെ കലാകാരന്മാരായാലും നടിമാരാകരുതെന്ന് അമ്മക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു എന്നും സീമ പറഞ്ഞു.
അപ്രതീക്ഷിതമായിട്ടാണ് താന്‍ നാടകത്തിലേക്ക് വന്നതെന്നും വെറും പത്ത് ദിവസത്തേക്ക് വേണ്ടിയാണ് ആദ്യത്തെ നാടകത്തില്‍ അഭിനയിക്കാന്‍ പോയതെന്നും താരം പറഞ്ഞു. പിന്നീട് 1365 വേദികളില്‍ അഭിനയിച്ചു എന്നും അതിനുശേഷമാണ് സിനിമയിലെത്തിയതെന്നും അമൃത ടി.വിയിലെ ആനീസ് കിച്ചണില്‍ സംസാരിക്കവെ സീമ പറഞ്ഞു.
‘നാടക നടിയായതിന്റെ പേരില്‍ അമ്മക്ക് സമൂഹത്തില്‍ നിന്നും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. ഒരു നികൃഷ്ട ജീവിയെ പോലെ നോക്കിക്കാണുന്ന സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്. ആ ഒരവസ്ഥയില്‍ നിന്ന് അമ്മ പ്രതിജ്ഞയെടുത്തു, മക്കള്‍ കലാകാരന്മാരാവുന്നതില്‍ കുഴപ്പമില്ല ഒരിക്കലും നടിയാവരുതെന്ന്.
പക്ഷെ ഞാന്‍ നടിയായി. സ്‌കൂളില്‍ പഠിക്കുന്ന സമയത്തൊന്നും ഞാന്‍ സ്റ്റേജ് നാടകങ്ങളില്‍ പോലും കയറിയിട്ടില്ല. അഭിനയം എന്റെ സ്വപ്നത്തില്‍ പോലുമില്ലായിരുന്നു. അന്ന് ഏറ്റവും വലിയ ആഗ്രഹം നേഴ്‌സാവുകയെന്നത് ആയിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് തൃപ്പൂണിത്തുറ മ്യൂസിക് കോളേജില്‍ പഠിക്കുന്ന സമയത്താണ് കൊച്ചിന്‍ സംഘമിത്രയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ ആളില്ലാതെ വരുന്നത്.
എങ്ങനെ ആണെന്നറിയില്ല അവര്‍ തിരക്കി ഞങ്ങളുടെ വീട്ടിലെത്തി. പത്ത് ദിവസത്തേക്ക് മതി അത് കഴിഞ്ഞ് ഉത്സവ സീസണ്‍ വരുമ്പോള്‍ വേറെ ആളെ എടുത്തോളാമെന്ന് പറഞ്ഞു. വീട്ടില്‍ വരുമ്പോള്‍ അമ്മയില്ല. ചേച്ചിയും അച്ഛനുമുണ്ട്. അവര്‍ ആദ്യം എതിര്‍ത്തു. നിര്‍ബന്ധിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചു.
എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ എങ്ങനെ പെരുമാറുമോ അതുപോലെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ശരിക്കും അതൊരു വലിയ വിപ്ലവമായി. പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ആരാധകരായി. ഒരുപാട് കത്തുകളൊക്കെ വന്നു.
പിന്നെ പത്ത് ദിവസമെന്ന് പറഞ്ഞ് പോയ ഞാന്‍ 1365 വേദികളില്‍ ആ നാടകം ചെയ്തു. ഇപ്പോഴും എവിടെ ചെന്നാലും ഈ നാടകത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമാണ് ആളുകള്‍ പറയുന്നത്,’ സീമ ജി.നായര്‍ പറഞ്ഞു.
content highlight: actress seema g nair about her mother