ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇവിടെ എല്ലാവരും: സംവൃത സുനില്‍
Malayalam Cinema
ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇവിടെ എല്ലാവരും: സംവൃത സുനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd December 2020, 5:50 pm

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ എല്ലാവരും ആശ്വാസത്തിലാണെന്ന് നടി സംവൃത സുനില്‍. നമ്മുടെ നാടുമായി ബന്ധമുള്ള കമലാ ഹാരിസ് വൈസ് പ്രസിഡന്റ് ആയതിന്റെ സന്തോഷം ഒന്ന് വേറെയാണെന്നും സംവൃത പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവൃത.

‘യു.എസ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വോട്ടുചെയ്യാന്‍ സാധിച്ചിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ എന്തായാലും വോട്ട് ചെയ്യും. ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇവിടെ എല്ലാവരും, കമല ഹാരിസ് വൈസ് പ്രസിഡന്റായതിന്റെ സന്തോഷം വേറെയും’ സംവൃത പറഞ്ഞു.

കൊവിഡ് രൂക്ഷമായപ്പോഴും കാരലീനയില്‍ ലോക്ക് ഡൗണ്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എങ്കില്‍പ്പോലും മാസ്‌ക്കും സാനിറ്റെസറും ഒക്കെ ഉപയോഗിച്ച് എല്ലാവരും വളരെ ശ്രദ്ധയോടെയാണ് മുന്നോട്ടുപോയതെന്നും താരം പറഞ്ഞു.

ഇവിടെ കൊവിഡ് കേസുകളും മരണങ്ങളും കൂടുന്നുണ്ടെങ്കിലും ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടുനീങ്ങുന്നുണ്ട്. ആശുപത്രികളിലും മറ്റും കുറച്ചു സ്ട്രിക്റ്റാണ്. ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാറില്ല. എല്ലാം വീട്ടിലെത്തും. ഞങ്ങള്‍ വളരെ ശ്രദ്ധിച്ച് വീട്ടില്‍ കഴിയുകയാണ്, സംവൃത പറഞ്ഞു.

എപ്പോഴും ഹാപ്പിയായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് തനിക്ക് തന്റേതായ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. എങ്കിലും എപ്പോഴും പോസിറ്റീവായി ഇരിക്കാനും ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താനും ശ്രമിക്കുന്ന ആളാണ് താനെന്നും സംവൃത പറഞ്ഞു.

മറ്റുള്ളവരുടെ കാര്യത്തില്‍ അധികം ഇടപെടാതെ നമ്മുടെ രീതികളില്‍ സന്തോഷം കണ്ടെത്തി സിംപിള്‍ ഈസി ജീവിതം നയിക്കാനാണ് ഇഷ്ടം. ഒരുകാര്യവും കൂടുതല്‍ ചിന്തിച്ച് കോംപ്ലിക്കേറ്റഡ് ആക്കാറില്ല. വരുന്നത് അപ്പോള്‍ നേരിടുക. ഒത്തിരി യാത്ര ചെയ്യണം. ഒരുപാട് സ്ഥലങ്ങള്‍, സംസ്‌ക്കാരങ്ങള്‍, ഭക്ഷണം ഒക്കെ എക്‌സ്‌പ്ലോര്‍ ചെയ്യണം, താരം പറയുന്നു.

നാട്ടില്‍ മാത്രമല്ല ഇവിടെപ്പോലും മലയാളികള്‍ തന്നെക്കണ്ടാല്‍ ഓടിവരും. ഫോട്ടോ എടുക്കും. അവരുടെ ഇഷ്ടം അറിയിക്കാന്‍ സോഷ്യല്‍മീഡിയയിലൂടെ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ലൈക്കും കമന്റുകളും ഒത്തിരി വരും. ഇത്രയധികം സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നതു തന്നെ വലിയ അനുഗ്രഹമാണ്’, അഭിമുഖത്തില്‍ സംവൃത പറയുന്നു.

ഭര്‍ത്താവായ അഖി തന്റെ നല്ലൊരു സുഹൃത്ത് കൂടിയാണെന്നും ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തന്നെ സപ്പോര്‍ട്ട് ചെയ്യുന്നത് അദ്ദേഹമാണെന്നും സംവൃത പറയുന്നു. തനിക്ക് തന്റേതായ സ്വാതന്ത്ര്യവും സ്‌പേസും തരുന്ന ആളാണ് അദ്ദേഹമെന്നും താരം പറഞ്ഞു.

വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി അവധിയെടുത്ത താരം കഴിഞ്ഞ വര്‍ഷം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സംവൃതയാണ് നായിക. അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരിക്കുന്നത്.

സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം സംവൃത അഭിനയിച്ച സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആയിരുന്നു നായകനായത്.

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Samvrutha Sunil About Joe Biden and kamal Harris Victory