തെന്നിന്ത്യക്ക് സുപരിചിതയായ സാമന്ത പാതി മലയാളിയാണെങ്കിലും ഇതുവരെയും ഒരു മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല. ആന്ധ്ര സ്വദേശി പ്രഭുവിന്റെയും ആലപ്പുഴക്കാരി നൈനീറ്റയുടേയും മകളായ സാമന്ത സിനിമയില്‍ പതിനൊന്നു വര്‍ഷം പിന്നിടുകയാണ്.
കേരളത്തില്‍ വേരുകളുള്ള സാമന്ത മലയാള ചിത്രങ്ങളുടെ ആരാധിക കൂടിയാണ്. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം തുറന്നുപറയുകയാണ് സാമന്തയിപ്പോള്‍.
‘ഭാഷകളെ തരം തിരിച്ച് അഭിനയിക്കുന്ന ആളല്ല ഞാന്‍. എന്നെ തേടി വരുന്ന കഥാപാത്രങ്ങള്‍ നോക്കിയാണ് സിനിമ തിരഞ്ഞെടുക്കുന്നത്. നല്ല കഥയും കഥാപാത്രവും വരുമ്പോള്‍ തീര്‍ച്ചയായും അഭിനയിക്കും.
ലോക സിനിമയില്‍ത്തന്നെ സ്ഥാനമുള്ള മലയാളത്തിലേക്ക് ഇതുവരെയും വരാത്തതില്‍ വിഷമമുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോള്‍ ഞാനുള്ള ഒരു മലയാള സിനിമ ഉണ്ടാകും,’ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറയുന്നു.
തമിഴിലും തെലുങ്കിലും ഓരോ സിനിമ വീതം പുറത്തിറങ്ങാനുണ്ടെന്നതാണ് സാമന്തയുടെ പുതിയ സിനിമാ വിശേഷം.
ഏറെ ശ്രദ്ധയോടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനാല്‍ത്തന്നെ കേവലം 45 സിനിമകള്‍ മാത്രമാണ് തന്റെതായുള്ളതെന്ന് അവര്‍ പറയുന്നു. ഭാഗ്യ നായികയെന്ന് തെന്നിന്ത്യന്‍ ആരാധകര്‍ വിളിക്കുന്ന സാമന്ത 2017ല്‍ നാഗചൈതന്യയെ വിവാഹം ചെയ്തതോടെ താര കുടുംബത്തിലെ മരുമകളായി മാറുകയായിരുന്നു.
അടുത്തിടെ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ‘ ദി ഫാമിലി മാന്‍ 2 ‘ പരമ്പരയിലെ അഭിനയത്തിന് വിടുതലൈ പുലികളുടെ ത്യാഗത്തെ അവഹേളിക്കുന്നു എന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ശ്രീലങ്കന്‍ തമിഴ് പോരാളി രാജി എന്ന കഥാപാത്രത്തിലൂടെ സാമന്തയുടെ ഉജജ്വല പ്രകടനമാണ് വെളിവാകുന്നത്. തമിഴ് ചിത്രങ്ങളായ നാന്‍ ഈ, കത്തി, തെരി, മെര്‍സല്‍ എന്നിവയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരംകൂടിയാണ് സാമന്ത.