തന്മയത്തത്തോടെയുള്ള അഭിനയം കാഴ്ചവെച്ച് മലയാള സിനിമയില്‍ സജീവമായ നടിയാണ് പൗളി വല്‍സണ്‍. മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രത്തിലെ കുട്ടിയമ്മയെ മലയാളികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ മികച്ച പെര്‍ഫോമന്‍സാണ് താരം കാഴ്ചവെക്കുന്നത്.
അപ്പനിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് പൗളി. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താന്‍ സിനിമയില്‍ അഭിനയിക്കാനായി പോയതെന്നും കുട്ടിയമ്മ എന്ന കഥാപാത്രത്തെ പോലെ നിരവധി ആളുകളെ തനിക്ക് അറിയാമെന്നും പൗളി പറഞ്ഞു.പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അക്കാര്യം പൗളി പറഞ്ഞത്.
”ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ ഏതെങ്കിലും ഒന്നിന് പാളിച്ച വന്നാല്‍ അത് വല്ലാത്ത ബുദ്ധിമുട്ടാണ്. അപ്പനിലെ കഥാപാത്രത്തെ പോലെയുള്ള ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പലരും അവരുടെ അത്തരം വേദനകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന നമ്മളെ വിട്ട് വേറെ ഒരു സ്ത്രീയെ തേടി പോകുന്ന ഭര്‍ത്താവുണ്ടാകുന്നത് തീരാ വേദനയാണ്.
അതേ പോലെ തന്നെയാണ് അപ്പനിലെ കഥാപാത്രത്തെ മജു എഴുതിവെച്ചത്. അദ്ദേഹത്തിന്റെ ഒരോ ഡയലോഗിലും അതേപോലെ തന്നെ എനിക്ക് ചെയ്യാന്‍ പറ്റി. മജു എന്താണോ വിചാരിച്ചത് അതുപോലെ തന്നെ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. കാല് രണ്ടും പഴുത്തിട്ട് വല്ലാത്ത വേദന ഉണ്ടായിരുന്നപ്പോഴാണ് അതെല്ലാം സഹിച്ച് ഞാന്‍ ആ സിനിമ ചെയ്യാനായി പോകുന്നത്.
കൂടാതെ എന്റെ ഭര്‍ത്താവ് മരിച്ചിട്ട് ആ സമയത്ത് ഒരു വര്‍ഷം പോലും ആയിട്ടില്ലായിരുന്നു. അത്തരമൊരു അവസ്ഥയിലാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്. ഓരോന്നും ചെയ്യുമ്പോള്‍ മജു അടുത്ത് വന്ന് പറയുമായിരുന്നു അദ്ദേഹം വിചാരിച്ചതിലും മേലെ ഞാന്‍ പറയുന്നുണ്ടെന്ന്.
ചിലത് ചെയ്യുമ്പോള്‍ അവന്‍ പറയും കണ്ടിട്ട് കരച്ചില്‍ വരുന്നുണ്ടെന്ന്. എനിക്ക് ദൈവം തന്നൊരു അനുഗ്രഹമാണ് അപ്പന്‍. ആളുകള്‍ക്ക് ആ ചിത്രം ഒരുപാട് ഇഷ്ടമായിട്ടുണ്ട്,” പൗളി പറഞ്ഞു.
പൗളി വല്‍സണൊപ്പം സണ്ണി വെയ്ന്‍, അലന്‍സിയര്‍, രാധിക, അനന്യ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സോണി ലിവില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.
content highlight: actress pauly valsan about appan