മലയാള സിനിമയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് നിമിഷ സജയന്‍. 2017 ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്.
മുംബൈയില്‍ ജനിച്ചവളര്‍ന്ന നിമിഷയെ സംബന്ധിച്ച് മലയാള സിനിമയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കം തന്നെയായിരുന്നു തൊണ്ടിമുതലിലേത്. ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, മാലിക്, വണ്‍, ഇന്നലെ വരെ, ഹെവന്‍, ഒരു തെക്കന്‍ തല്ലുകേസ് തുടങ്ങി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ തുടര്‍ന്നും നിമിഷയ്ക്ക് സാധിച്ചു. നിവിന്‍ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ് നിമിഷയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജ എന്ന കഥാപാത്രവും ഈടയിലെ അമ്മുവുമാണ് തനിക്ക് ഇത്രയും അവസരങ്ങള്‍ ഉണ്ടാക്കിത്തന്നതെന്ന് പറയുകയാണ് നിമിഷ. ഒപ്പം ഇതുവരെ താന്‍ അഭിനയിച്ച സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്നും താരം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇതുവരെ അഭിനയിച്ച സിനിമകളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഈടയിലെ അമ്മു ആണെന്നാണ് നിമിഷ പറയുന്നത്. ആ സിനിമ എപ്പോള്‍ കാണുമ്പോഴും തന്റെ കണ്ണുനിറയുമെന്നും വ്യത്യസ്തമായ വൈകാരിക തലങ്ങളിലൂടെ സഞ്ചരിച്ച ഒരു കഥാപാത്രമാണ് അമ്മുവെന്നും താരം പറയുന്നു.