Advertisement
Entertainment news
മമ്മൂക്കയാണ് എന്നെ വിളിക്കാന്‍ പറഞ്ഞത്, കാര്യം പറഞ്ഞപ്പോള്‍ ടെന്‍ഷനാവേണ്ടെന്ന് ഹസ്ബന്‍ഡ് പറഞ്ഞു: മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 04, 02:32 am
Saturday, 4th March 2023, 8:02 am

നന്‍പകല്‍ നേരത്ത് മയക്കമെന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മമ്മൂട്ടിയെ അഭിമുഖം നടത്താന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് പറയുകയാണ് മിയ. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് മിയ മമ്മൂട്ടിയെ ഇന്‍ര്‍വ്യൂ ചെയ്തത്.

ആദ്യം ഈ കാര്യം കേട്ടപ്പോള്‍ തനിക്ക് വലിയ ടെന്‍ഷനായെന്നും മമ്മൂട്ടിയെക്കുറിച്ച് ഉറക്കം ഒഴിച്ച് താന്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മിയ പറഞ്ഞു. എന്നാല്‍ താന്‍ പഠിച്ചു പോയ ഒരു ചോദ്യവും അദ്ദേഹത്തിന്റെ മുമ്പിലെത്തിയപ്പോള്‍ ചോദിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. പത്താം ക്ലാസ് പരീക്ഷക്ക് പോലും താന്‍ ഇത്ര പഠിച്ചിട്ടില്ലെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മിയ പറഞ്ഞു.

”മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനും അതിനേക്കാള്‍ സന്തോഷവുമാണ് അനുഭവപ്പെട്ടത്. രണ്ടും ഒരുമിച്ച് വന്നൊരു ഫീലായിരുന്നു. പെട്ടെന്ന് എനിക്ക് ഒരു കോള്‍ വരുകയായിരുന്നു. മമ്മൂക്കയുടെ നന്‍പകല്‍ നേരത്ത് റിലീസാവാന്‍ പോവുകയാണ്, അതിന്റെ ഭാഗമായിട്ട് മമ്മൂട്ടിയെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ മിയയെ വിളിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നാണ് എന്നോട് പറയുന്നത്.

ആദ്യം കേട്ടപ്പോള്‍ ഞാന്‍ ആകെ ഞെട്ടി. എന്നെയോ… എന്ന് ഞാന്‍ അവരോട് ചോദിച്ചു. കാരണം എന്നെ ആളുകള്‍ ഇന്‍ര്‍വ്യൂ ചെയ്യുകയല്ലാതെ ഞാന്‍ ഇതുവരെ ആരെയും ഇന്റര്‍വ്യൂ ചെയ്തിട്ടില്ലാലോ. മമ്മൂക്ക പറഞ്ഞിട്ടാണ് എന്നെ വിളിച്ചത് എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഞെട്ടിയ ഞാന്‍ അവരോട് ഓക്കെ പറഞ്ഞു.

ഹസ്ബന്‍ഡിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ടെന്‍ഷനാവേണ്ടെന്ന് പറഞ്ഞു. ഞാന്‍ പിന്നെ ഭയങ്കര ടെന്‍ഷനിലായിരുന്നു. കാരണം ഞാന്‍ വല്ല മണ്ടത്തരവും മമ്മൂക്കയോട് ചോദിക്കുമോയയെന്നാണ് ഞാന്‍ ചിന്തിച്ചത്.

 

ഇന്‍ര്‍വ്യൂന് പ്രിപ്പെയര്‍ ചെയ്യാന്‍ എനിക്ക് രണ്ട് രാത്രിയും ഒരു പകലും കിട്ടി. പിന്നെ ഫുള്‍ മമ്മൂട്ടിയെ സെര്‍ച്ച് ചെയ്യുന്നു. ചില ചോദ്യങ്ങളൊക്കെ പ്ലാന്‍ ചെയ്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി. പക്ഷെ ഞാന്‍ പ്ലാന്‍ ചെയ്ത ചോദ്യമൊന്നും എനിക്ക് അദ്ദേഹത്തോട് ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല.

പത്താം ക്ലാസിലെ പരീക്ഷക്ക് പോലും ഞാന്‍ ഇത്ര പഠിച്ചിട്ടില്ല. എന്റെ ചങ്കൊക്കെ കിടന്ന് പട പട ഇടിക്കുകയായിരുന്നു. പക്ഷെ എല്ലാവര്‍ക്കും ആ അഭിമുഖം ഇഷ്ടമായിട്ടുണ്ട്,” മിയ പറഞ്ഞു.

content highlight: actress miya about mammootty