തന്മാത്ര എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മീര വാസുദേവ്. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ മലയാളം ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. തന്മാത്രയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും മോഹന്‍ലാലില്‍ നിന്നും പഠിച്ച പലകാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മീര.
ടെക്‌നിക്കലി സിനിമക്ക് ഭാഷയുടെ വ്യത്യസങ്ങളൊന്നുമില്ലെന്നും ബാക്കിയെല്ലാം തങ്ങളുടെ അഭിനയം പോലെയിരിക്കുമെന്നും മീര പറഞ്ഞു. ഏത് ഭാഷയിലാണെങ്കിലും ഇമോഷണല്‍ കണ്ടന്റുകള്‍ ഒരുപോലെയാണെന്നും അത് മനസിലാക്കാന്‍ സാധിച്ചതുകൊണ്ടാണ് തനിക്ക് സിനിമ ചെയ്യാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. മോഹന്‍ലാല്‍ തന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മീര വാസുദേവ് പറഞ്ഞു.
‘ടെക്നിക്കലി സിനിമ എല്ലാം ഒരുപോലെയാണ്. ബാക്കിയെല്ലാം നമ്മുടെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ടിരിക്കും. ഭാഷ അറിയില്ലെങ്കിലും, എല്ലാ ഭാഷയിലെയും ഇമോഷണല്‍ കണ്ടന്റുകള്‍ ഒരുപോലെയാണ്. തന്മാത്രയിലെ ഇമോഷണല്‍ കണ്ടന്റ് എനിക്ക് മനസിലായിരുന്നു. വളരെ നന്നായിട്ടാണ് ബ്ലസി സാര്‍ എനിക്കത് മനസിലാക്കി തന്നത്. തോമസേട്ടനും എപ്പോഴും എന്റെ കൂടെയുണ്ടാകുമായിരുന്നു.
തുടര്‍ച്ചയായി ഓരോ ഡയലോഗുകളും എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ഇരുപതോ മുപ്പതോ പ്രാവശ്യം അദ്ദേഹം ഡയലോഗുകള്‍ റിപ്പീറ്റ് ചെയ്യും. അതുപോലെ തന്നെ ഒരു നടനെന്ന നിലയില്‍ മോഹന്‍ലാല്‍ സാര്‍ ഭയങ്കര സപ്പോര്‍ട്ടാണ്. ഒന്ന് രണ്ട് സീനിലൊക്കെ എങ്ങനെ ചെയ്യണമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അതൊക്കെ എനിക്ക് കാണിച്ച് തന്നത് അദ്ദേഹമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ നിന്നും എനിക്ക് പഠിക്കാന്‍ സാധിച്ചു,’ മീര വാസുദേവന്‍ പറഞ്ഞു.
താന്‍ അഭിനയിക്കുന്ന സീരിയല്‍ ഹിറ്റായതിനുശേഷം പ്രേക്ഷകരുടെ പക്ഷത്ത് നിന്നുമുണ്ടായ ചില പ്രതികരണങ്ങളെ കുറിച്ചും താരം പറഞ്ഞു.
‘ആളുകള്‍ ഇങ്ങനെ വന്ന് സംസാരിക്കുന്നതൊക്കെ ഉറപ്പായും പ്രൈവസിയെ ബാധിക്കും. സെലിബ്രിറ്റിയായി കഴിഞ്ഞാല്‍ തന്നെ നമ്മുടെ പേഴ്‌സണല്‍ സ്‌പേസ് നഷ്ടപ്പെടും. കാരണം നമ്മള്‍ പബ്ലിക്ക് പ്രൊപ്പര്‍ട്ടി പോലെയാകും. പലരും താരങ്ങള്‍ക്ക് ഒരു ജീവിതമുണ്ടെന്ന കാര്യം മനസിലാക്കാറില്ല. നമ്മുടെ അടുത്ത് വരുന്നതിലും സംസാരിക്കുന്നതിലുമൊന്നും പ്രശ്‌നമില്ല. പക്ഷെ ഫോട്ടോയോ മറ്റുമൊക്കെ എടുക്കുമ്പോള്‍ ചോദിക്കണം.
ചിലപ്പോള്‍ നമ്മളെ ഫ്‌ളേട്ട് ചെയ്യാന്‍ വരെ നോക്കാറുണ്ട്. ചിലരുടെയൊക്കെ കൂടെ വൈഫുണ്ടാകും എന്നിട്ടും നമ്മളെ ഫ്‌ളേട്ട് ചെയ്യാന്‍ നോക്കുന്നവരുണ്ട്. കുടുംബ വിളക്ക് വന്നതിനുശേഷം ഞങ്ങള്‍ക്ക് ക്രിക്കറ്റ് കാണാന്‍ പറ്റുന്നില്ലായെന്ന് പറഞ്ഞ് ദേഷ്യപ്പെടുന്നവര്‍ വരെയുണ്ട്. പക്ഷെ അവരും സെല്‍ഫിയെടുക്കും. സെല്‍ഫിയും വേണം നോക്കി ദേഷ്യപ്പെടുകയും ചെയ്യും,’ മീര വാസുദേവന്‍ പറഞ്ഞു.
content highlight: actress meera vasudev share her experience with mohanlal