'മീന വീണ്ടും വിവാഹിതയാകാന്‍ പോകുന്നു', വ്യാജ വാര്‍ത്തകള്‍ക്കെതിരെ താരത്തിന്റെ സുഹൃത്ത്
Entertainment news
'മീന വീണ്ടും വിവാഹിതയാകാന്‍ പോകുന്നു', വ്യാജ വാര്‍ത്തകള്‍ക്കെതിരെ താരത്തിന്റെ സുഹൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st December 2022, 9:46 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീന. താരം വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ തമിഴ്,തെലുങ്ക് മാധ്യമങ്ങളില്‍ കുറച്ച് ദിവസം മുമ്പ് വന്നിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മീനയുടെ ഉറ്റ സുഹൃത്തായ രേണുക പ്രവീണ്‍.

തനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നല്‍കുന്ന ആളാണ് മീനയെന്നും സംരംഭക രേണുക പ്രവീണ്‍. സഹോദരിയെ പോലെയാണ് മീന തന്നെ കാണുന്നതെന്നും രേണുക പറഞ്ഞു. മീന വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും, ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നില്ലെന്നും രേണുക കൂട്ടിച്ചേര്‍ത്തു. ലിറ്റില്‍ ടോക്സിനോട് സംസാരിക്കവെയാണ് രേണുക പ്രവീണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘എനിക്ക് എല്ലാ കാര്യങ്ങളിലും ഉപദേശം നല്‍കുന്നയാളാണ് മീന. സഹോദരിയെ പോലെയാണ് എന്നെ മീന എന്നും കണ്ടിട്ടുള്ളത്. അവള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ പുറത്ത് വരുന്ന് വാര്‍ത്തകള്‍ ശരിയല്ല. ഞാന്‍ ഈ വാര്‍ത്തകള്‍ മുമ്പും കേട്ടിരുന്നു. എന്നാല്‍ ഇതൊന്നും ഞാന്‍ കാര്യമാക്കാറില്ല. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മീന വിവാഹിതയാകാന്‍ പോകുന്നത് എന്നൊക്കെയാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ അതൊന്നും ശരിയല്ല,’ രേണുക പറഞ്ഞു.

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ചില തമിഴ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മകള്‍ക്ക് വേണ്ടിയാണ് അവര്‍ ഈ തീരുമാനമെടുത്തതെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വിജയ് ചിത്രമായ തെറിയിലൂടെ ശ്രദ്ധേയയായ നൈനിക വിദ്യാസാഗര്‍ ആണ് മീനയുടെ മകള്‍. ബിസിനസുകാരനായ കുടുംബസുഹൃത്തിനെയാണ് താരം വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വരുന്നത്. എന്നാല്‍ താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നാണ് മീനയുമായി അടുത്ത വൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചത്.

2022 ജൂണ്‍ 28നാണ് മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് മരണം സംഭവിച്ചത്.

content highlight: actress meena against fake news