Kerala News
പത്മനാഭ ക്ഷേത്രത്തിന് മുന്നിലെ റോഡിന് ഹെഡ്‌ഗേവാറിന്റെ പേരിട്ടത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയില്‍: ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 17, 03:58 pm
Thursday, 17th April 2025, 9:28 pm

കോഴിക്കോട്: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുമ്പിലുള്ള പ്രധാന റോഡിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെയാണ് പാസായതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എം.എസ്. കുമാര്‍. ഇക്കാലയളവില്‍ നഗരസഭ ഭരിച്ചിരുന്ന എല്‍.ഡി.എഫ് പ്രസ്തുത പ്രമേയത്തിന് എതിരായിരുന്നുവെന്നും എം.എസ്. കുമാര്‍ പറഞ്ഞു.

പാലക്കാട്ടെ ഭിന്നശേഷിക്കാര്‍ക്കുള്ള നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് സ്ഥാപകന്‍ കൂടിയായ ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ നഗരസഭക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ രംഗത്തുള്ള പശ്ചാത്തലത്തിലാണ് കുമാറിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എസ്. കുമാര്‍ പ്രതികരിച്ചത്.

ചരിത്രം പഠിക്കുകയും അറിയുകയും ചെയ്യാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ള നേതാക്കള്‍ പാലക്കാട് സമരം ചെയ്യുന്നത് കാണുമ്പോള്‍ പഴയ ചില കാര്യങ്ങള്‍ ഓര്‍ത്തുപോയതാണെന്നും കുമാര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. രണ്ട് മുസ്‌ലിം കൗണ്‍സിലര്‍മാരാണ് അന്ന് പ്രമേയത്തെ പിന്തുണച്ചതെന്നും എം.എസ്. കുമാര്‍ പറയുന്നു.

32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദേശീയ നേതാവിനെ, സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്നതിന് കഴിയാത്തത് അവര്‍ ചെന്നുപ്പെട്ടിരിക്കുന്ന രാഷ്ട്രീയഭീകരതയെ തുറന്നുകാട്ടുന്നതാണെന്നും കുമാര്‍ പറഞ്ഞു.

1992-93 കാലയളവിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുമ്പിലുള്ള പ്രധാന റോഡിനെ ഹെഡ്ഗേവാര്‍ റോഡ് എന്ന് നാമകരണം ചെയ്തത്. തിരുവനന്തപുരത്ത് ആറാട്ടിന് മുമ്പ് പള്ളി വേട്ട നടക്കുന്ന ഫോര്‍ട്ട് ഹൈസ്‌ക്കൂള്‍ മുതല്‍ വാഴപ്പിളളി ജങ്ഷന്‍ വരെയുള്ള റോഡിനാണ് പ്രമേയത്തിലൂടെ പേര് നല്‍കിയത്. ഈ റോഡിലാണ് ആര്‍.എസ്.എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. സമകാലികം മലയാളം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

1988ല്‍ റോഡ് നാമകരണത്തിനായി ബി.ജെ.പിയുടെ കോട്ടയ്ക്കകം കൗണ്‍സിലര്‍ വെങ്കട്ടരാമന്‍ പ്രമേയാനുമതി തേടിയെങ്കിലും സി.പി.ഐ.എം ഭരണസമിതി അനുമതി നിഷേധിക്കുകയായിരുന്നു. ബി.ജെ.പി മുന്നോട്ടുവെച്ച പ്രമേയം പരിഗണനയ്ക്ക് പോലും എടുക്കരുതെന്ന തീരുമാനമാണ് ഭരണസമിതിയില്‍ ഉണ്ടായതെന്ന് തിരുവനന്തപുരത്തെ മുതിര്‍ന്ന സി.പി.ഐ.എം നേതാവും അന്നത്തെ കൗണ്‍സിലറുമായിരുന്ന കരമന ഹരിയെ ഉദ്ധരിച്ച് സമകാലികം മലയാളം റിപ്പോര്‍ട്ട് ചെയ്തു.

സി.പി.ഐ.എം നേതാക്കളുടെ കൂറുമാറ്റത്തിലൂടെയാണ് അക്കാലമത്രയും തിരുവനന്തപുരം നഗരസഭയില്‍ ഭരണത്തിലിരുന്ന എല്‍.ഡി.എഫ് തോല്‍വി നേരിട്ടത്. ഇതോടെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയോടെ ബി.ജെ.പി പ്രമേയം പാസാകുകയായിരുന്നു. തുടര്‍ന്ന് കൂറുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എം.എസ്. കുമാറിന് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവിയും ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാന്‍ലി സത്യനേശന്‍, എം.പി. പത്മനാഭന്‍ അടക്കമുള്ള നേതാക്കളുടെ കൂറുമാറ്റവും സ്ഥാനാര്‍ത്ഥിത്വവുമാണ് സി.പി.ഐ.എമ്മിനെ വെട്ടിലാക്കിയത്. 1991-92 കാലയളവിലെ മേയര്‍ തെരഞ്ഞെടുപ്പുകളില്‍ കൂറുമാറ്റത്തിലൂടെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു. ഇക്കാലത്ത് ഒരു വര്‍ഷമായിരുന്നു മേയറുടെ കാലാവധി. ഇതിനിടെയാണ് റോഡിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാകുന്നത്.

Content Highlight: congress and muslim league supported naming hedgewar road in thiruvananthapuram, report