Advertisement
IPL
ആദ്യ മത്സരത്തില്‍ 47 പന്തില്‍ 106* അടുത്ത ആറ് മത്സരത്തില്‍ 34 പന്തില്‍ 32; ഏറ്റവും വലിയ ഫ്ളാറ്റ് ട്രാക്ക് ഫ്രോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 17, 03:32 pm
Thursday, 17th April 2025, 9:02 pm

തുടര്‍ച്ചയായ പരാജയങ്ങളേറ്റുവാങ്ങി ഐ.പി.എല്‍ 2025ന്റെ പോയിന്റ് പട്ടികയിലെ അവസ്ഥാന സ്ഥാനങ്ങളില്‍ ഇടം നേടിയ രണ്ട് ടീമുകളുടെ പോരാട്ടത്തിനാണ് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. സ്റ്റാന്‍ഡിങ്‌സില്‍ ഏഴാമതുള്ള ഹോം ടീം മുംബൈ ഇന്ത്യന്‍സും ഒമ്പതാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് വാംഖഡെയില്‍ കൊമ്പുകോര്‍ക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 59 റണ്‍സിന്റെ കൂട്ടുകെട്ടുമായി അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും സ്‌കോറിങ്ങിന് അടിത്തറയിട്ടു.

28 പന്തില്‍ 40 റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ രാജ് അംഗദ് ബാവയുടെ കൈകളിലെത്തിച്ച് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഹോം ടീമിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്.

വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷന്‍ സ്‌കോര്‍ ബോര്‍ഡിനെ കാര്യമായി ബുദ്ധിമുട്ടിക്കാതെ വന്നതുപോലെ തിരിച്ചുനടന്നു. മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി നില്‍ക്കവെ സ്റ്റംപ് ചെയ്യപ്പെട്ടാണ് ഇഷാന്‍ കിഷന്‍ പുറത്താകുന്നത്. വില്‍ ജാക്‌സിനാണ് വിക്കറ്റ്. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇഷാന്‍ കിഷന്‍ സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം ഒറ്റ മത്സരത്തില്‍ പോലും താരത്തിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. സെഞ്ച്വറിക്ക് ശേഷം ഒരിക്കല്‍ മാത്രമാണ് ഇഷാന്‍ ഇരട്ടയക്കം കണ്ടത് എന്നതും ശ്രദ്ധേയമാണ്.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ റണ്‍സടിക്കുകയും ബൗളര്‍മാര്‍ക്ക് ചെറിയ തോതിലെങ്കിലും ആനുകൂല്യം ലഭിക്കുന്ന പിച്ചുകളില്‍ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നത് ഇഷാന്‍ കിഷന്റെ പതിവുരീതിയാണ്. ഫ്ളാറ്റ് ട്രാക്ക് ബുള്ളിയെന്ന് ആരാധകര്‍ വിളിക്കുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്.

ഐ.പി.എല്‍ 2025ല്‍ ഇഷാന്‍ കിഷന്റെ പ്രകടനങ്ങള്‍

vs രാജസ്ഥാന്‍ റോയല്‍സ് – 106* (47)

vs ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- 0 (1)

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2 (5)

vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 2 (5)

vs ഗുജറാത്ത് ടൈറ്റന്‍സ് – 17 (14)

vs പഞ്ചാബ് കിങ്‌സ് – 9* (6)

vs മുംബൈ ഇന്ത്യന്‍സ് – 2 (3)

സീസണില്‍ ഇതുവരെ 23.00 ശരാശരിയിലും 170.37 സ്‌ട്രൈക്ക് റേറ്റിലും 138 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. എന്നാല്‍ ആദ്യ മത്സരത്തിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ 5.3 ശരാശരിയും 94.11 സ്‌ട്രൈക്ക് റേറ്റും മാത്രമാണ് ഇഷാന്‍ കിഷനുള്ളത്.

അതേസമയം, മുംബൈ ഇന്ത്യന്‍സിനെതിരെ ബാറ്റിങ് തുടരുന്ന സണ്‍റൈസേഴ്‌സ് നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 എന്ന നിലയിലാണ്. 18 പന്തില്‍ 17 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും 13 പന്തില്‍ പത്ത് റണ്‍സുമായി ഹെന്‌റിക് ക്ലാസനുമാണ് ക്രീസില്‍.

 

Content Highlight: IPL 2025: MI vs SRH: Ishan Kishan’s poor form continues