Malayalam Cinema
കുപ്പിവളയിഷ്ടമാണോ? എനിക്കും ഇഷ്ടമാണ്; എന്റെ കൈപിടിച്ച് അടുത്തിരുത്തി വാത്സല്യത്തോടെ സംസാരിച്ചു; കമല സുരയ്യയെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 07, 10:21 am
Thursday, 7th October 2021, 3:51 pm

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആമി. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ ആമിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ കയ്യടക്കത്തോടെ ആ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ മഞ്ജുവിന് സാധിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധവിക്കുട്ടിയുടെ ആഗ്രഹപ്രകാരം അവരുടെ വീട്ടിലെത്തി സന്ദര്‍ശിച്ച അനുഭവം പങ്കുവെക്കുന്ന മഞ്ജു വാര്യരുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ആമി പുറത്തിറങ്ങിയതിന് പിന്നാലെ കൈരളിചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവിക്കുട്ടിയെ താന്‍ ആദ്യമായി കണ്ട അനുഭവം മഞ്ജു പങ്കുവെക്കുന്നത്.

വിവാഹം കഴിഞ്ഞ സമയത്തായിരുന്നു മാധവിക്കുട്ടിയമ്മയെ പോയി കണ്ടതെന്നും ആ കൂടിക്കാഴ്ചയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ സ്‌നേഹത്തിന്റെ ഒരു തണുപ്പം വാത്സല്യവും ഇപ്പോഴും തനിക്ക് കിട്ടുന്നുണ്ടെന്നും മഞ്ജു പറയുന്നു.

1998 അവസാനത്തിലാണ് മാധവിക്കുട്ടി അമ്മയുടെ അടുത്ത് ഞാന്‍ പോകുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയമായിരുന്നു. ഞങ്ങളുടെ സുഹൃത്തായ ഡോ. സന്തോഷ് വഴിയാണ് അമ്മയുടെ അടുത്ത് പോകുന്നത്. എന്നെ കാണണമെന്ന ആഗ്രഹം അമ്മ പ്രകടിപ്പിക്കുകയായിരുന്നു. അത് കേട്ടപ്പോള്‍ തന്നെ എനിക്ക് ഭയങ്കര സന്തോഷമായി.

കാരണം നമുക്കൊന്നും അങ്ങനെ എപ്പോഴും പോയി കാണാന്‍ പറ്റാന്‍ സാധിക്കാത്ത ഒരാളാണ്. അതുകൊണ്ട് തന്നെ ഞാനും വളരെ സന്തോഷത്തോടുകൂടി ഓടിപ്പോവുകയാണ് ചെയ്തത്. എനിക്ക് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഭയങ്കര സ്‌നേഹത്തോടെയാണ് എന്നോട് പെരുമാറിയത്. സുന്ദരിക്കുട്ടിയാണല്ലോ എന്നൊക്കെ ചോദിച്ച് അടുത്തിരുത്തി.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഞാനൊരു ഓറഞ്ച് സാരിയുടുത്ത് കുപ്പിവളയൊക്കെയിട്ടിട്ടാണ് പോയത്. കുപ്പിവളയിഷ്ടമാണോ? എനിക്കും ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് എന്റെ കൈയ്യൊക്കെ പിടിച്ച് കുറേ നേരമിരുന്ന് സ്‌നേഹത്തോടെ വര്‍ത്തമാനം പറഞ്ഞു.

ഊണൊക്കെ കഴിച്ചാണ് മടങ്ങിയത്. ബാലമണിയമ്മയേയും സുലോചനാന്റിയേയും പരിചയപ്പെടുത്തി. ഒരുപാട് നേരം സംസാരിക്കുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഫോണ്‍ നമ്പറൊന്നും അന്ന് ഞാന്‍ വാങ്ങിയിരുന്നില്ല. അതിന് ശേഷം കണ്ണെഴുതിപൊട്ടുംതൊട്ടിന് എനിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കിട്ടിയ സമയത്ത് സന്തോഷേട്ടന്റെ കൈയില്‍ ഒരു ബൊക്കെയൊക്കെ കൊടുത്തയച്ചിരുന്നു.

നീര്‍മാതളം പൂത്തകാലം എന്ന പുസ്തകത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട ഒരു കോപ്പിയും തന്നുവിട്ടു. എന്തോ ഒരു നിയോഗം പോലെയായിരുന്നു അന്നത്തെ ആ കൂടിക്കാഴ്ച. ആ കൂടിക്കാഴ്ചയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ സ്‌നേഹത്തിന്റെ ഒരു തണുപ്പം ആ വാത്സല്യവുമാണ് എനിക്ക് കിട്ടുന്നത്,” മഞ്ജു പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Manju Warrier About Kamala Surayya