കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടി മല്ലിക സുകുമാരന്‍. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
25 കൊല്ലം കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു ആളായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ നോക്കിയാണ് വോട്ട് ചെയ്യാറുള്ളതെന്നും മല്ലിക പറഞ്ഞു.
‘അച്ഛന്‍ പറഞ്ഞാണ് കോണ്‍ഗ്രസിനെക്കുറിച്ചുള്ള അറിവ്. ഗാന്ധിജി മുതലുള്ള നേതാക്കളെക്കുറിച്ചെല്ലാം അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. അത് കേട്ട് കേട്ട് 25 കൊല്ലം മുടങ്ങാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ട് ചെയ്യുന്ന ആളാണ്,’ മല്ലിക പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ സമയത്ത് പൈപ്പ് മാറ്റിവെക്കാം പാലം വരും എന്നൊക്കെ പറയും. പിന്നെ അങ്ങോട്ട് തിരിഞ്ഞുനോക്കില്ല. അങ്ങനെയുള്ള കുറെ നേതാക്കന്‍മാരുണ്ടെന്നും മല്ലിക പറഞ്ഞു.
നേതാക്കന്‍മാരും അണികളുമൊക്കെ ഇടക്ക് ഈ പ്രസ്ഥാനമുണ്ടാക്കിയവരെയൊക്കെ ഓര്‍ക്കുന്നത് നല്ലതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കേരളം ഭരിക്കുന്ന പിണറായി വിജയനെ വളരെ നന്ദിപൂര്‍വം ഞാന്‍ സ്മരിക്കുകയാണ്. അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞാല്‍ അതന്വേഷിക്കും. അത് സത്യമാണോയെന്ന് നോക്കും. അല്ലാതെ ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയിട്ടൊന്നുമല്ല അദ്ദേഹം കാര്യം ചെയ്യുന്നത്. അങ്ങനെയായിരിക്കണം നേതാക്കള്‍,’ മല്ലിക പറഞ്ഞു.
കരുണാകരനും ഇതേ പ്രകൃതമായിരുന്നെന്നും സുകുമാരന്‍ എന്ന ഇടതുപക്ഷ സഹയാത്രികനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനാക്കിയത് ഇതിന് ഉദാഹരണമാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.