സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, ലെന, ഗായത്രി അരുണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്നാലും ന്റെളിയാ. ജനുവരി ആറിന് തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.
ഫുള്‍ ലെങ്ത് കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ തന്റെ പ്രകടനത്തിന്റെ നൂറ് ശതമാനം ക്രെഡിറ്റും സിദ്ദീഖിന് നല്‍കുമെന്ന് പറയുകയാണ് ലെന. ചിത്രത്തില്‍ കഥാപാത്രത്തിന് വേണ്ടി ഉപയോഗിച്ച ഭാഷയുടെ കാര്യത്തില്‍ തന്നെ സഹായിച്ചത് സിദ്ദീഖ് ആണെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖിനൊപ്പം പങ്കെടുത്ത് സംസാരിക്കവെ താരം പറഞ്ഞു.
”എന്നാലും ന്റെളിയായില്‍ എന്റെ പെര്‍ഫോമന്‍സിന് എനിക്ക് തോന്നുന്നു നൂറ് ശതമാനവും ക്രെഡിറ്റ് ഞാന്‍ സിദ്ദീഖ്ക്കക്ക് കൊടുക്കേണ്ടി വരും,” ലെന പറയുന്നു. അതെന്താ അങ്ങനെ എന്ന സിദ്ദീഖിന്റെ ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിന്, ‘കാരണം ഭാഷ മുതല്‍ എല്ലാ കാര്യങ്ങളും ഞാന്‍ പഠിച്ചെടുത്തത് സിദ്ദീഖ്ക്കയില്‍ നിന്നാണ്, ഭാഷ മാറ്റി സംസാരിക്കുക എളുപ്പമല്ല,’ എന്നാണ് ലെന മറുപടി പറഞ്ഞത്.
”ലെനയാണ് ഈ സിനിമയില്‍ സിദ്ദീഖ്ക്കയുടെ ഭാര്യയായി അഭിനയിക്കുന്നതെന്ന് പറഞ്ഞാല്‍ സിദ്ദീഖ്ക്ക മിക്കവാറും, ‘ഏയ് കുറേയായല്ലോ, എല്ലാ പടത്തിലും ലെന തന്നെ ഭാര്യയായി വരുന്നു, ഇനി കാസ്റ്റ് ചെയ്യല്ലേ’ എന്ന് പറയും. അങ്ങനെ പറഞ്ഞ ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്,” എന്നും ലെന അഭിമുഖത്തില്‍ തമാശരൂപേണ പറയുന്നുണ്ട്.
എന്ന് നിന്റെ മൊയ്തീന്‍, വെള്ളിമൂങ്ങ എന്നീ സിനിമകള്‍ക്ക് ശേഷം ഇനി അമ്മ വേഷങ്ങള്‍ ചെയ്യേണ്ട എന്ന് ബോധപൂര്‍വം തീരുമാനമെടുത്തിരുന്നതായും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
എന്ന് നിന്റെ മൊയ്തീന്‍ കഴിഞ്ഞ ശേഷം ഞാന്‍ പറഞ്ഞു, അമ്മ വേഷങ്ങള്‍ കുറച്ച് നാളത്തേക്ക് ചെയ്യുന്നില്ല എന്ന്. കാരണം പിന്നെ വരുന്ന ഓഫറുകളെല്ലാം അമ്മ വേഷങ്ങളാണ്. പഞ്ചാബി ഹൗസില്‍ ചോദിക്കുന്നത് പോലെ, ആരാണ് നന്നായി തുണി അലക്കുക, എന്നൊരു ലൈന്‍.
വെള്ളിമൂങ്ങ കൂടി കഴിഞ്ഞപ്പോള്‍ എല്ലാ പടത്തിലും എനിക്ക് അമ്മ വേഷം, അതും എല്ലാ പടത്തിലും സിദ്ദീഖ്ക്കയുടെ ഭാര്യയായി. ഇത് സ്റ്റീരിയോടൈപ്പ് ആയിപ്പോകുന്നുണ്ടല്ലോ. അതുകൊണ്ട് അമ്മ വേഷങ്ങള്‍ ഒഴിവാക്കുക എന്നുള്ളത് ഒരു ആക്ടര്‍ എന്ന നിലയില്‍ ബോധപൂര്‍വം എടുത്ത തീരുമാനമാണ്,” ലെന കൂട്ടിച്ചേര്‍ത്തു.
Content Highlight: Actress Lena shares experience of Ennalum Ente Aliya movie