'റോഷാക്കിലെ സീതയല്ല'; മറക്കാനാകാത്ത കഥാപാത്രത്തെ കുറിച്ച് ബിന്ദു പണിക്കര്‍
Entertainment news
'റോഷാക്കിലെ സീതയല്ല'; മറക്കാനാകാത്ത കഥാപാത്രത്തെ കുറിച്ച് ബിന്ദു പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th October 2022, 3:08 pm

റോഷാക്കിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയതിന്റെ സന്തോഷത്തിലാണ് ബിന്ദു പണിക്കര്‍. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരനാണ് താന്‍ ചെയ്ത സിനിമകളില്‍ എപ്പോഴും ഓര്‍ക്കാറുള്ളതെന്ന് പറയുകയാണ് ബിന്ദു.

കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയിതിരുന്ന സമയത്താണ് ദേവൂമ്മ എന്ന കഥാപാത്രത്തിനായുള്ള അവസരം തന്നെ നേടിയെത്തിയതെന്ന് താരം പറഞ്ഞു. മമ്മൂക്കയുടെ കൂടെ ആദ്യമായി അഭിനയിച്ച വാത്സല്യത്തെക്കുറിച്ചുള്ള ഓര്‍മകളും ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബിന്ദു പണിക്കര്‍ പങ്കുവെച്ചു.

” റോഷാക്കിന്റെ കഥയും കഥാപാത്രത്തെക്കുറിച്ചും കേട്ടപ്പോള്‍ ഞാന്‍ ആദ്യം സംവിധായകനോട് പറഞ്ഞത് ഇതൊരു വല്ലാത്ത കഥയാണന്നാണ്. എന്റെ മനസില്‍ ഇപ്പോഴും ആ കഥയുടെ ഫീലുണ്ട് ഇതുവരെ ഇറങ്ങിയിട്ടില്ല.

അഭിനയിക്കാന്‍ പറയുമ്പോള്‍ ഞാന്‍ ആ കഥാപാത്രം എന്താണോ അതിലേക്ക് മാറും. എല്ലാവരും പറയുന്നപോലെ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്നുവെന്നൊന്നും പറയാന്‍ എനിക്ക് അറിയില്ല. അഭിനയിക്കണം എന്ന് പറയുമ്പോള്‍ അങ്ങനെ ചെയ്തുപോകുന്നതാണ്.

ഞാന്‍ ചെയ്ത സിനിമകളില്‍ എപ്പോഴും ഓര്‍മയുള്ളത് സൂത്രധാരന്‍ സിനിമയിലെ കഥാപാത്രമാണ്. കോമഡിയും കുശുമ്പി കഥാപാത്രവും ചെയ്തുകൊണ്ടിരുന്ന സമയത്താണ് ആ കഥാപാത്രമാകാനുള്ള അവസരം കിട്ടുന്നത്.

അത്തരമൊരു റോള്‍ എന്നെ ഏല്‍പ്പിച്ചതെന്തുകൊണ്ടാകാമെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാരണം അത്രയ്ക്കും സീരിയസായിട്ടുള്ള ഒരു കഥാപാത്രമാണ് ദേവൂമ്മ.

ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് നല്ല അവസരമാണ് ആ കഥാപാത്രം. അതുപോലെ നമ്മള്‍ അതു നന്നാക്കുകയും വേണം. നല്ല ടെന്‍ഷനുണ്ടായിരുന്നു ആ സമയത്തെനിക്ക്. എങ്ങനെയാണ് ആ കഥാപാത്രം ചെയ്‌തെന്ന് പറയാന്‍ എനിക്കറിയില്ല, അതെല്ലാം സംഭവിച്ചതാണ്.

അതുപോലെ റോഷാക്ക് എനിക്ക് വളരെ വ്യത്യസ്തമായ അനുഭവമാണ്. കാരണം ഞാന്‍ ഇതുവരെ സിങ്ക് സൗണ്ട് ചെയ്തിട്ടില്ല. വളരെ കാലത്തിന് ശേഷമാണ് ഇതുപോലൊരു നല്ല കഥാപാത്രത്തെ എനിക്ക് കിട്ടുന്നത്.

മമ്മൂട്ടി ലീഡ് റോളിലുള്ള മമ്മൂട്ടി കമ്പനിയുടെ സിനിമയെന്നൊക്കെ പറയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെനിക്ക്. ഞാനും മമ്മൂക്കയും പണ്ട് ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നല്ലോ വാത്സല്യം. അന്നത്തെ ലൊക്കേഷനും ഇന്നത്തെ ലൊക്കേഷനും തമ്മില്‍ നല്ല മാറ്റമുണ്ട്.

പണ്ട് എല്ലാവരും ഒരുമിച്ചിരിക്കും ഒന്നിച്ച് കഴിക്കും ഇന്നത്തെ പോലെ കാരവനില്‍ പോയി ഇരിക്കുന്ന സംവിധാനമൊന്നുമില്ല. ഈ സിനിമയിലൂടെ പുതിയ തലമുറയെ അറിയാന്‍ പറ്റി. അവരൊക്കെ നല്ല കഴിവുള്ളവരും പാഷനുള്ളവരുമാണ്.

ഞാന്‍ പണ്ട് അഭിനയിക്കാന്‍ പോകുന്നു, അവര്‍ പറയുന്നതൊക്കെ ചെയ്യുന്നു തിരിച്ചു വരുന്നു. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ വളരെ ആഗ്രഹത്തോടെ എല്ലാം കൃത്യമായി മനസിലാക്കിയാണ് ചെയ്യുന്നത്,” ബിന്ദു പണിക്കര്‍ പറഞ്ഞു.

Content Highlight: Actress Bindu panicker about her character roles