Entertainment news
അന്ന് ഹനീഫിക്ക എന്നോട് പറഞ്ഞ കാര്യം പിന്നീടാണ് എനിക്ക് മനസിലായത്: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 16, 05:58 pm
Thursday, 16th February 2023, 11:28 pm

മലയാള സിനിമയിലേക്ക് വമ്പന്‍ തിരിച്ച് വരവ് നടത്താനൊരുങ്ങുകയാണ് നടി ഭാവന. ഏകദേശം അഞ്ചുവഷത്തിന് ശേഷമാണ് താരമൊരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദില്‍ അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടെ അന്തരിച്ച മലയാള നടന്‍ കൊച്ചിന്‍ ഹനീഫയുമായി തനിക്കുണ്ടായ സൗഹൃദ നിമിഷങ്ങള്‍ ഓര്‍മിക്കുകയാണ് ഭാവന.

വളരെ സ്‌നേഹത്തോടെ ഇടപഴകുന്ന നടനായിരുന്നു അദ്ദേഹമെന്നും, ദീപാവലി എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഹനീഫിക്ക തന്നോട് പറഞ്ഞൊരു കാര്യം പിന്നീട് തന്റെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നുമാണ് താരം പറഞ്ഞത്.

‘ഹനീഫിക്കയുമായി ഞാന്‍ കുറേ ഫിലിംസ് ചെയ്തിട്ടുണ്ട്. ഭയങ്കര രസമാണ് അങ്ങേരോട് സംസാരിച്ചിരിക്കാന്‍. അദ്ദേഹം എപ്പോഴും ഓരോ കാര്യമിങ്ങനെ പറഞ്ഞോണ്ടിരിക്കും.

ഞങ്ങള്‍ ദീപാവലി എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു. അവിടെ വെച്ച് അദ്ദേഹം എന്നോട് പറഞ്ഞൊരു കാര്യം എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. നമ്മള്‍ എത്ര വലിയ ആളാണെങ്കിലും നമ്മള്‍ മരിച്ച് കഴിഞ്ഞാല്‍ പിന്നെ ഇവിടെ ഒന്നും സംഭവിക്കില്ല. അടുത്ത നിമിഷം തൊട്ട് ലോകം മൂവ് ഓണ്‍ ആയിക്കൊണ്ടിരിക്കും.

നമ്മള്‍ വിചാരിക്കും നമ്മുടെ മരണം ഭയങ്കര സംഭവമായിരിക്കും എന്നൊക്കെ. പക്ഷെ അങ്ങനെയൊന്നുമില്ല. നമ്മള്‍ മരിച്ച് അടുത്ത സെക്കന്റ് തൊട്ട് ലോകം പഴയത് പോലെയാവുന്നത് നീയൊന്ന് ആലോചിച്ച് നോക്കിയേ  എന്നദ്ദേഹം പറഞ്ഞു.

അന്ന് ഞാനത് അത്ര കാര്യമാക്കിയില്ല. പക്ഷെ ഇന്ന് ചിന്തിക്കുമ്പോള്‍ അത് ശരിയായിരുന്നെന്ന് തോന്നുന്നു,’ ഭാവന പറഞ്ഞു.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരും സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight: Actress Bhavana remembering Kochin Haneefa