നടന്‍ വിനായകന്റെ വീടാക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മോശം പ്രതികരണം നടത്തിയതിന് പിന്നാലെ നടന്‍ വിനായകന്റെ കൊച്ചിയിലെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള നടന്റെ ഫ്‌ളാറ്റിലേക്ക് ഇരച്ചെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിന്റെ ജനല്‍ച്ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്ക് ജയ് വിളിച്ച് കൊണ്ട് ഫ്‌ളാറ്റിനുള്ളിലേക്ക് കടന്നുചെന്ന് ജനല്‍ ചില്ല് തല്ലിത്തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും എത്തിയാണ് അക്രമികളെ പിടിച്ചുമാറ്റിയത്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ വിനായകന്‍ ഇന്നലെ ഫേസ്ബുക്ക് ലൈവില്‍ വന്ന് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിനായകന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് ഡി.സി.സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരി മാഫിയ, ഗുണ്ടാ ബന്ധങ്ങള്‍ അന്വേഷിക്കണം എന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം. വിനായകന്‍ ലഹരി മാഫിയയുടെ തലവനാണെന്നും കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
Content Highlights: actor vinayakan’s kochi house attacked by congress workers