അഭിനയിക്കണം എന്നുംപറഞ്ഞ് ആരും ഫോര്‍ട്ട് കൊച്ചി ജങ്ഷനില്‍ വന്ന് നിക്കില്ല; തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഏത് ഗുഹയിലാണെങ്കിലും പോയി കാണും
Entertainment news
അഭിനയിക്കണം എന്നുംപറഞ്ഞ് ആരും ഫോര്‍ട്ട് കൊച്ചി ജങ്ഷനില്‍ വന്ന് നിക്കില്ല; തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഏത് ഗുഹയിലാണെങ്കിലും പോയി കാണും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th December 2022, 12:06 pm

മലയാള സിനിമയില്‍ നടന്‍, സംവിധായകന്‍, നിര്‍മാതാവ്, കാസ്റ്റിങ് ഡയറക്ടര്‍ എന്നീ വിവിധ മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമാറിയ മാറിയ താരമാണ് വിജയകുമാര്‍ പ്രഭാകരന്‍.

സെക്കന്റ് ഷോയില്‍ ഗുണ്ടാ സംഘത്തില്‍ ദുല്‍ഖറിനൊപ്പം നടന്ന് ഒടുവില്‍ ക്ലൈമാക്‌സില്‍ പൊലീസുകാരനായി പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ പെട്ടെന്ന് മറക്കില്ല.

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ സിനിമകളില്‍ കാസ്റ്റിങ് ഡയറക്ടറായി വര്‍ക്ക് ചെയ്ത സമയത്തെ അനുഭവം പങ്കുവെക്കുകയാണ് സെല്ലുലോയ്ഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിജയകുമാര്‍.

സെക്കന്റ് ഷോയ്ക്ക് ശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത് മനപൂര്‍വമായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”അത് മനപൂര്‍വം സംഭവിച്ചതല്ല. ഒരുപക്ഷേ ഞാന്‍ രാജീവേട്ടന്റെ (രാജീവ് രവി) കൂടെ നിന്ന സമയമായിരിക്കും എന്റെ അഭിനയത്തില്‍ നിന്നുള്ള ബ്രേക്ക്. കമ്മട്ടിപ്പാടം വരെയുള്ള സമയം. അതിന് ശേഷം ഞാന്‍ വീണ്ടും ആക്ട് ചെയ്യാന്‍ തുടങ്ങി.

പക്ഷെ അഭിനയത്തില്‍ നിന്നും അങ്ങനെ ബ്രേക്ക് എടുത്തെങ്കില്‍ പോലും സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായും പ്രോജക്ട് ഡിസൈനറായുമൊക്കെ വര്‍ക്ക് ചെയ്ത സമയമാണിത്. അതുകൊണ്ട് ഞാന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തുവെന്ന് പറയാനാകില്ല. എന്റെ മുഖം കാണിച്ചില്ല എന്നേയുള്ളൂ.

പിന്നെ രാജീവേട്ടന്റെ സിനിമകള്‍ക്ക് അങ്ങനെയുള്ള ആക്ടേഴ്‌സിനെ ആവശ്യമായിരുന്നു. അദ്ദേഹം ബോംബെയിലായിരുന്നു. പക്ഷെ ഇവിടെ നല്ല പരിചയമുള്ളയാളാണ്. ഞാനാണെങ്കില്‍ ഇവിടെ എറണാകുളത്തൊക്കെ ഓടിനടന്ന് പരിചയമുണ്ടാക്കിയിട്ടുള്ള ആളാണ്. എനിക്ക് ആക്ടേഴ്‌സിനെ അറിയാം.

അന്നയും റസൂലും മുതല്‍ കമ്മട്ടിപ്പാടം വരെയുള്ള സിനിമകള്‍ക്ക് കാസ്റ്റിങ് നടത്തിയത് ആള്‍ക്കാരെ ഇങ്ങോട്ട് വിളിച്ചിട്ടല്ല. നമുക്ക് വേണ്ട ആളുകള്‍ എവിടെയാണോ, അത് ഏത് ഗുഹയിലാണെങ്കിലും നമ്മള്‍ അവിടെ പോയി കാണും. ഞാന്‍ അതിന് വേണ്ടി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ സ്ഥലത്തും ട്രാവല്‍ ചെയ്തു.

അന്നയും റസൂലിലും അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം ആളുകളും കൊച്ചിയിലുള്ള തിയേറ്റര്‍ ആര്‍ടിസ്റ്റുകളോ മ്യുസീഷന്‍സോ ഒക്കെയാണ്. അവരെ കണ്ടുപിടിക്കണമെങ്കില്‍ അവരുടെ വീട്ടില്‍ പോണം.

എനിക്ക് അഭിനയിക്കണം എന്നുപറഞ്ഞ് അവരാരും ഫോര്‍ട്ട് കൊച്ചി ജങ്ഷനില്‍ വന്ന് നിന്നിട്ടില്ല. അങ്ങനെയുള്ള ആളുകളല്ല അവര്‍. അഭിനയിക്കുന്ന, കഥാപാത്രങ്ങള്‍ക്ക് പറ്റിയ മുഖമുള്ള ആള്‍ക്കാരെ നമ്മള്‍ പിക്ക് ചെയ്യുകയാണ്. അത് നല്ല എഫേര്‍ട്ട് തന്നെയായിരുന്നു. അത്യാവശ്യം നല്ല പണിയെടുത്തിട്ടുണ്ട്.

കാരണം അത്രയും നല്ല ആക്ടേഴ്‌സിനെ ഞങ്ങള്‍ പരിചയപ്പെടുത്തിയില്ലേ. നിങ്ങള്‍ അന്നയും റസൂലും മുതല്‍ കമ്മട്ടിപ്പാടം വരെ എടുത്ത് നോക്കിക്കഴിഞ്ഞാല്‍ അതില്‍ നിന്നും പുതിയ എത്ര ആക്ടേഴ്‌സ് ഉണ്ടായിട്ടുണ്ടെന്ന് മനസിലാകും. അത് ഞാന്‍ ചെയ്യേണ്ട ഉത്തരവാദിത്തം കൂടിയായിരുന്നു.

ഞാന്‍ അഭിനയിച്ച സിനിമകളേക്കാല്‍ കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ ഇങ്ങനെ പുതിയ ആളുകളെ കൊണ്ടുവരുന്നതില്‍ ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്,” വിജയകുമാര്‍ പ്രഭാകരന്‍ പറഞ്ഞു.

Content Highlight: Actor Vijayakumar Prabhakaran talks about the movies Second Show, Kammatipaadam and Annayum Rasoolum