Entertainment news
7 വര്‍ഷത്തെ കാത്തിരിപ്പ്, വിജയകാന്ത് വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു; ചിത്രീകരണം ജനുവരിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Dec 12, 05:05 am
Sunday, 12th December 2021, 10:35 am

ചെന്നൈ: ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ക്യാപ്റ്റന്‍ വിജയ്കാന്ത് വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. ഏഴ് വര്‍ഷം മുമ്പാണ് അവസാനമായി വിജയകാന്ത് സിനിമയില്‍ അഭിനയിച്ചത്.

പിന്നീട് രാഷ്ട്രീയത്തില്‍ തിരക്കേറിയതിനാല്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിനിടെ അസുഖബാധിതനായതും സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകിപ്പിച്ചു.

2015ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്റെ ആദ്യ ചിത്രമായ സഗപ്തത്തില്‍  അതിഥി വേഷത്തിലാണ് വിജയകാന്ത് അവസാനമായി അഭിനയിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന ‘മഴൈ പിടിക്കാത്ത മനിതന്‍’ എന്ന ചിത്രത്തിലാണ് വിജയകാന്ത് വീണ്ടും അഭിനയിക്കുന്നത്.

വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘സിനിമയുടെ കഥ യഥാര്‍ത്ഥത്തില്‍ വിജയകാന്തിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ്, അത് അദ്ദേഹത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു വേഷമാണ്. ഈ അഭ്യര്‍ത്ഥനയുമായി നിര്‍മാതാക്കള്‍ വിജയകാന്തിനെയും കുടുംബത്തെയും സമീപിച്ചപ്പോള്‍, അവര്‍ക്ക് അതിന്റെ പ്രാധാന്യവും എന്തുകൊണ്ടാണ് അദ്ദേഹം സിനിമയുടെ ഭാഗമാകേണ്ടതെന്നും മനസ്സിലാക്കുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു’ എന്നാണ് താരവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്.

വിജയകാന്ത് ഇപ്പോഴും സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ചിത്രീകരണം അദ്ദേഹത്തിന്റെ വസതിയില്‍ തന്നെ നടത്തണമെന്നായിരുന്നു താരത്തിന്റെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന. കഴിഞ്ഞ വര്‍ഷം നടന് കൊവിഡ് ബാധിച്ചിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കുടുംബം ആഗ്രഹിക്കുന്നു.’ എന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

2022 ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.