ആ സമയങ്ങളില്‍ കുട്ടികളോട് എനിക്ക് ദേഷ്യം വരും, എന്റെ ഒപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് പറയുമെന്ന് വിചാരിച്ചു: ഉണ്ണി മുകുന്ദന്‍
Entertainment news
ആ സമയങ്ങളില്‍ കുട്ടികളോട് എനിക്ക് ദേഷ്യം വരും, എന്റെ ഒപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് പറയുമെന്ന് വിചാരിച്ചു: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th January 2023, 1:19 pm

മാളികപ്പുറം സിനിമയില്‍ അഭിനയിച്ച കുട്ടികളോട് തനിക്ക് ഷൂട്ടിങ്ങ് സമയത്ത് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ലാസ്റ്റ് നിമിഷത്തില്‍ ഡയലോഗ് ചേഞ്ച് ചെയ്യേണ്ടി വന്നിരുന്നുവെന്നും അത് പഠിക്കാനായി കൊടുക്കുമ്പോള്‍ കുട്ടികള്‍ കളിച്ച് നടക്കുന്നത് കണ്ടപ്പോഴാണ് ദേഷ്യപ്പെട്ടതെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

സിനിമ കഴിയുമ്പോഴേക്കും കുട്ടികള്‍ക്ക് തന്നെ ഇഷ്ടമില്ലാതെയാകുമെന്ന് വിചാരിച്ചിരുന്നുവെന്നും മിണ്ടാതിരിക്ക് എന്നൊക്കെ പറഞ്ഞ് താന്‍ കുട്ടികളെ കുറേ വഴക്ക് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. കാട്ടിലാണ് ഷൂട്ട് ചെയ്തത്. 19 ദിവസം കാട്ടില്‍ ചെരുപ്പൊന്നും ഇടാതെയാണ് കുട്ടികള്‍ ഷൂട്ടിങ്ങിനായിട്ട് നിന്നത്. അട്ടകടിച്ചിട്ട് തീരെ വയ്യാതായി പോയിരുന്നു. നമുക്ക് കാണുമ്പോള്‍ തന്നെ സങ്കടം ആകും.

പിന്നെ ആനയും മറ്റ് മൃഗങ്ങളും ആ കാട്ടില്‍ ഉണ്ട്. പിന്നെ നല്ല മഴയുമായിരുന്നു. എനിക്ക് തന്നെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാണാന്‍ ഒക്കെ മനോഹരമാണ്. പക്ഷെ പ്രാക്ടിക്കലായിട്ട് അവിടെ നിന്ന് അഭിനയിക്കുന്നത് നല്ല റിസ്‌ക്കായിരുന്നു.

സിനിമയുടെ സ്‌ക്രീന്‍ പ്ലേ അനുസരിച്ച് ലാസ്റ്റ് നമ്മള്‍ ഡയലോഗുകളൊക്കെ ചേഞ്ച് ചെയ്യും. ആ സമയത്ത് ഈ കുട്ടികളുടെ അടുത്ത് നമ്മള്‍ ഡയലോഗുമായി ചെന്ന് ഇത് പഠിക്കണം എന്ന് പറയും. കുട്ടികളാണെന്ന പരിഗണന ഇവര്‍ക്ക് കൊടുത്തിരുന്നു. അവര്‍ കാട്ടില്‍ വെറുതെ കളിച്ച് ചിരിച്ച് നടക്കുകയാണ് പതിവ്.

നമ്മുടെ പേടി ഷൂട്ടിങ്ങ് തീര്‍ക്കാന്‍ കഴിയുമോ എന്നതിലല്ലെ. ആ സമയത്ത് കുട്ടികളോട് എനിക്ക് ദേഷ്യം വരും. മിണ്ടാതിരിക്ക് എന്നൊക്കെ പറഞ്ഞ് ഞാന്‍ കുട്ടികളെ കുറേ വഴക്ക് പറഞ്ഞിരുന്നു. പടം കഴിഞ്ഞിട്ട് ഞാന്‍ വിചാരിച്ചു എന്റെ ഒപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് വരെ കുട്ടികള്‍ പറയുമെന്ന്,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ആന്റോ ജോസഫും വേണുകുന്നപ്പള്ളിയും ചേര്‍ന്നാണ് മാളികപ്പുറം നിര്‍മിച്ചത്. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തെ പുകഴ്ത്തി ഒരുപാട് വ്യക്തികള്‍ രംഗത്തെത്തിയിരുന്നു.

ഉണ്ണി മുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, മനോജ് കെ. ജയന്‍, ശ്രീപത് എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

content highlight: actor unni mukundan about Malikappuram child artists