തന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവിനെതിരെ പരാതിയുമായി പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖര്‍ജി. ഷിബ്പൂര്‍ എന്ന ചിത്രത്തിന്റെ സഹ നിര്‍മാതാവിനും കൂട്ടാളികള്‍ക്കുമെതിരെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് സ്വസ്തിക പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വഴങ്ങാത്ത പക്ഷം മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പരാതിയില്‍ പറയുന്നു. കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്റ്റേഷനിലാണ് സ്വസ്തിക മുഖര്‍ജി പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി പ്രൊഡക്ഷന്‍ ഹൗസിന്റെ പങ്കാളികളിലൊരാള്‍ തന്നെയും തന്റെ മാനേജരെയും ഭീഷണിപ്പെടുത്തുകയും മെയില്‍ വഴി വധഭീഷണി മുഴക്കുകയും ചെയ്തത്. ചിത്രത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് ഇവര്‍ നിരന്തരം വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്വസ്തിക പറഞ്ഞു.
സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കണം എന്ന് കരാറില്‍ ഇല്ലെന്നും അതിന് വേണ്ട പ്രതിഫലം തന്നിരുന്നില്ലെന്നും സ്വസ്തിക മുഖര്‍ജി നേരത്തെ പറഞ്ഞിരുന്നു.
”2022 സെപ്റ്റംബറില്‍ സിനിമ ചിത്രീകരിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, 2022 ജൂലൈ 8-ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് എനിക്ക് പ്രതിഫലം ലഭിച്ചത്. പ്രമോഷന്‍ പരിപാടികള്‍ ആ കരാറിന് പുറത്താണ്’.
ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തനിക്കെതിരെ ഭീഷണി വര്‍ധിച്ചതെന്നാണ് നടി പറയുന്നത്. നിര്‍മാതാവ് തന്റെ കൂട്ടാളികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരുമായി നടിയുടെ ഇമെയില്‍ ഐഡികള്‍ പങ്കുവെച്ചെന്നും അവര്‍ വഴി നഗ്‌ന ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നും പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്നും പറഞ്ഞുകൊണ്ടുള്ള ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സന്ദേശം അയച്ചെന്നാണ് സ്വസ്തിക പറയുന്നത്.
content highlight: Actor Swastika Mukherjee lodges police complaint against co-producer for sending threat mails