ചെന്നൈ: തമിഴ് താരം സൂര്യയുടെ 40ാം ചിത്രം ഒരുങ്ങുന്നത് യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണെന്ന് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ സമീപകാലത്ത് ഏറെ ഞെട്ടലുണ്ടാക്കിയ പൊള്ളാച്ചി പെണ്‍വാണിഭ സംഭവമാണ് സിനിമയാകുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പാണ്ഡ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ പുറത്തുവന്ന സംഭവമായിരുന്നു പൊള്ളാച്ചിക്കേസ്. 200ല്‍ അധികം സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്തതെന്നായിരുന്നു കേസ്.
ഏഴ് വര്‍ഷം കൊണ്ട് 200 ല്‍ അധികം സ്ത്രീകളുമായി സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇവരെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു.
ഈ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തുമായിരുന്നു. ഈ സംഭവം സൂര്യയുടെ പുതിയ സിനിമയ്ക്ക് വിഷയമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പൂര്‍ണമായും പൊള്ളാച്ചി വിഷയമല്ല സിനിമയാകുന്നതെന്നും ചില സംഭവങ്ങള്‍ സിനിമക്കായി എടുത്തിട്ടുണ്ടെന്നുമാണ് സിനിമയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ 50% പൂര്‍ത്തിയായി, ജൂലൈ ആദ്യ ആഴ്ചകളില്‍ അടുത്ത ഷെഡ്യൂള്‍ ഉടന്‍ പുനരാരംഭിക്കാനാണ് തീരുമാനം.
ചിത്രത്തിന്റെ പോസ്റ്റര്‍ സൂര്യയുടെ പിറന്നാള്‍ ദിവസം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക മോഹന്‍ , സത്യരാജും, ശരണ്യ പൊന്‍വണ്ണന്‍, ചിബി, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.