Advertisement
Film News
ബിജുവായിരുന്നു ഈ സിനിമയിലെ പ്രശ്‌നം; ഒടുവില്‍ ഞാനാണോ ബിജുവാണോ വേണ്ടതെന്ന് തീരുമാനിക്കാന്‍ പറഞ്ഞു: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 24, 11:48 am
Tuesday, 24th October 2023, 5:18 pm

സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ചെത്തുന്ന പുതിയ സിനിമയാണ് ‘ഗരുഡന്‍’. ബിജു മേനോന് വേണ്ടി സിനിമയുടെ ഷൂട്ടിങ്ങ് ഡേറ്റ് ഒരുപാടു തവണ മാറ്റി വെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി.

സിനിമയില്‍ കൂടെ അഭിനയിക്കുന്നത് ബിജു മേനോന്‍ ആണെന്നറിഞ്ഞപ്പോള്‍ എന്തായിരുന്നു തോന്നിയതെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു സുരേഷ് ഗോപി ബിജു മേനോനെ കുറിച്ച് പറഞ്ഞത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. അഭിമുഖത്തില്‍ കൂടെ ബിജു മേനോനും ഉണ്ടായിരുന്നു.

‘ബിജുവും ഈ സിനിമയില്‍ കൂടെ ഉണ്ടായിരുന്നു എന്നതായിരുന്നു ഈ സിനിമയിലെ പ്രശ്‌നം. ബിജുവിന്റെ സൗകര്യത്തിന് വേണ്ടി ഈ സിനിമയുടെ ഷൂട്ടിങ്ങ് ഡേറ്റ് അഞ്ചോ ആറോ തവണ മാറ്റേണ്ടി വന്നു. ബിജുവിന്റെ സൗകര്യത്തില്‍ എനിക്ക് അവിടെ നിന്നു ഷൂട്ട് ചെയ്യേണ്ടി വന്നു. ഇതൊക്കെയായിരുന്നു ഈ സിനിമയില്‍ നടന്നത്.

എല്ലാം ബിജുവിന്റെ സൗകര്യത്തിലാണ് ചെയ്തിരിക്കുന്നത്. 2020 നവംബറില്‍ കഥ കേട്ടു. അന്ന് മുതല്‍ സിനിമ ചെയ്യാമെന്ന് പറയുന്നുണ്ട്. ഞാന്‍ ഓരോ മാസവും സിനിമയെ പറ്റി സംസാരിക്കും. നമുക്ക് 2021 മാര്‍ച്ചില്‍ ചെയ്യാമെന്ന് ഞാന്‍ പറയും.

അതിന് ഓക്കേ പറഞ്ഞ് അവര്‍ ഷൂട്ട് ചെയ്യാനുള്ള ഡേറ്റ് തീരുമാനിച്ചിട്ട് പോകും. രണ്ട് ദിവസം കഴിഞ്ഞാല്‍ വിളിച്ച് ആ സമയത്ത് ബിജു സാര്‍ അവൈലബിള്‍ ആകില്ലെന്ന് പറയും. എങ്കില്‍ സെപ്റ്റംബറില്‍ നോക്കാമെന്നു ഞാന്‍ പറയും.

ഡേറ്റ് ഫിക്‌സ് ചെയ്യുന്നത് നാലോ അഞ്ചോ തവണ മാറ്റി വെച്ചതിന് ശേഷമാണ്. അവസാനം ഞാന്‍ അരുണിനെയും ലിസ്റ്റിനെയും വിളിച്ചു സംസാരിച്ചു. ഞാന്‍ ഇല്ല, നിങ്ങള്‍ മറ്റാരെയെങ്കിലും വെച്ച് സിനിമ ചെയ്‌തോളൂവെന്ന് പറഞ്ഞു.

ബിജു മേനോന്‍ ആ സിനിമയില്‍ വേണമെന്ന് ഡയറക്ടര്‍ പറയുമ്പോള്‍, ഞാന്‍ അതിനെ ആക്‌സെപ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഞാനതിന് വഴങ്ങി കൊടുത്തുവെന്നാണ് അര്‍ത്ഥം. ഞാന്‍ അതിനെ ആക്‌സെപ്റ്റ് ചെയ്യുന്നില്ലെങ്കില്‍, മറ്റാരെയെങ്കിലും നോക്കാന്‍ പറയും. ആ കമാന്‍ഡിങ്ങ് പൊസിഷന്‍ ഇന്നുവരെ ഞാന്‍ എന്റെ ജീവിതത്തില്‍ എടുത്തിട്ടില്ല.

പക്ഷെ ഒരു തവണ ദേഷ്യം വന്നിട്ട്, ‘ഞാന്‍ വേണോ ബിജു വേണോയെന്ന് നിങ്ങള്‍ തീരുമാനിക്ക്, എന്നിട്ട് അടുത്ത ഡേറ്റ് ഫിക്‌സ് ചെയ്യ്. ഇനി ഡേറ്റ് മാറ്റരുത്.’ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കാരണം ആ സമയത്തൊന്നും ഞാന്‍ വേറെ സിനിമ ചെയ്തിട്ടില്ല.

എല്ലാം അവസാനം നിമിഷത്തില്‍ മാറ്റുമ്പോള്‍ ഞാന്‍ പിന്നെ വെറുതെയിരിക്കേണ്ടി വരുന്നു. അതുകൊണ്ട് നീ (ബിജു) ഒരു അഞ്ച് പടത്തിന്റെ ശമ്പളമെനിക്ക് ഇങ്ങോട്ട് തരണം,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Actor Suresh Gopi Talks About Biju Menon And Garudan Movie