Movie Day
സൈഡ് വേഷം ചെയ്യുന്നവനൊക്കെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കാനോ; ഞാന്‍ ഭയപ്പെട്ട ചോദ്യമായിരുന്നു അത്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 10, 08:35 am
Saturday, 10th June 2023, 2:05 pm

കോമഡി റോളുകളിലൂടെയെത്തി ദേശീയ പുരസ്‌കാരമുള്‍പ്പെടെ കരസ്ഥമാക്കി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്.

മികച്ച ക്യാരക്ടര്‍ റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നടന്ന സമയമുണ്ടായിരുന്നെന്നും അന്ന് തനിക്ക് അത്തരത്തിലൊരു റോള്‍ തരുന്നത് സംവിധായകന്‍ ലാല്‍ ജോസ് ആണെന്നുമാണ് സുരാജ് പറയുന്നത്.

താന്‍ ആദ്യമായി ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കുന്നത് ലാല്‍ ജോസിന്റെ പുള്ളി പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടേതാണെന്നും അതുവരെ ഒരു സിനിമയുടെ സ്‌ക്രിപ്റ്റും തന്റെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും നടന്‍ പറഞ്ഞു.

ജോഷി സാറിന്റെ സിനിമയിലൊക്കെ സ്‌ക്രിപ്റ്റ് ചോദിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും പക്ഷേ ചില ചോദ്യങ്ങള്‍ തന്നെ ഭയപ്പെടുത്തിയെന്നും സുരാജ് പറയുന്നു.

‘സിനിമയില്‍ എത്തിയതിനു ശേഷം കോമഡി വേഷങ്ങളാണ് കൂടുതലും ലഭിച്ചത്. ആ സമയത്ത് തന്നെ നല്ല ക്യാരക്ടര്‍ റോളുകളൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരുന്ന സമയത്താണ് സംവിധായകന്‍ ലാല്‍ ജോസ് സാറിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയില്‍ മാമച്ചന്‍ എന്നൊരു വേഷം എനിക്ക് കിട്ടിയത്.

അതാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ട് വായിക്കുന്ന സ്‌ക്രിപ്റ്റ്. അതുവരെ സിനിമയില്‍ നമുക്ക് സ്‌ക്രിപ്റ്റ് വായിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. കാരണം ജോഷി സാറിന്റെയൊക്കെ ട്വന്റി 20 പോലുള്ള സിനിമയില്‍ പോയി സ്‌ക്രിപ്റ്റ് വായിക്കണം എന്ന് എങ്ങനെ പറയും. ആഗ്രഹമുണ്ടായിരുന്നു പക്ഷേ എനിക്ക് ചോദിക്കാന്‍ പേടിയായിരുന്നു.

ചോദിച്ചു കഴിഞ്ഞാല്‍ സൈഡ് വേഷം ചെയ്യുന്നവനൊക്കെ സ്‌ക്രിപ്റ്റോ എന്നു പറയുമോ എന്ന തോന്നലായിരുന്നു. ചിലപ്പോള്‍ ചോദിച്ചിരുന്നെങ്കില്‍ തരുമായിരുന്നു. അന്നത്തെ കാലത്തൊന്നും ഞാന്‍ ചോദിക്കില്ല. നമുക്കൊക്കെ പേടിയായിരുന്നു.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് ആണ് ഞാന്‍ ആദ്യമായി വായിക്കുന്നത്. അങ്ങനെ സിനിമയുടെ മൊത്തത്തിലുള്ള ഒരു ഐഡിയ എനിക്ക് മനസിലായി തുടങ്ങി. എന്റെ കഥാപാത്രത്തിന്റെ ഡെപ്ത് എന്താണെന്ന് കൂടുതല്‍ എനിക്ക് അറിയാന്‍ സാധിച്ചു.

പിന്നെ ഞാനത് സംവിധായകന്‍ ലാല്‍ജോസ് സാറുമായിരുന്ന് സംസാരിച്ചു. അദ്ദേഹം മാമച്ചന്‍ എന്നത് അമ്പിളി ചേട്ടനെ പോലുള്ള ആളുകളൊക്കെ ചെയ്യേണ്ട നല്ല ഒരു കഥാപാത്രമാണെന്നൊക്കെ പറഞ്ഞപ്പോള്‍ നമുക്ക് വലിയ സന്തോഷം തോന്നി. ആ ക്യാരക്ടറിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞു തന്നു.

അതിനു ശേഷമാണ് ഡയറക്ടര്‍ ബിജു കുമാര്‍ വന്നു പേരറിയാത്തവര്‍ എന്ന സിനിമയുടെ കഥ പറയുന്നത്. അതും ഞാന്‍ നാഷണല്‍ അവാര്‍ഡ് കിട്ടുമൊന്നും വിചാരിച്ചല്ല ചെയ്യുന്നത്. ആ സമയത്ത് ഞാന്‍ ഫ്രീയായിരുന്നു അതുകൊണ്ട് ഞാന്‍ പോയി ചെയ്തു,’ സുരാജ് പറഞ്ഞു

Content Highlight: Actor Suraj about about the script he read first