Advertisement
Entertainment news
അപ്പോള്‍ ഇതായിരുന്നല്ലേ ആ 'കോപ്പ' എന്ന് പിഷാരടി; സുധി കോപ്പയുടെ പേരിന്റെ രഹസ്യം കണ്ടുപിടിച്ച് അവതാരക, സത്യമെന്ന് തുറന്ന് സമ്മതിച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 05, 10:21 am
Sunday, 5th February 2023, 3:51 pm

മലയാളം സിനിമാ ലോകത്ത് വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടുമാത്രം തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് സുധി കോപ്പ. സാഗര്‍ ഏലിയാസ് ജാക്കി, റോബിന്‍ ഹുഡ്, മമ്മി ആന്‍ഡ് മി, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സാന്നിധ്യമറിയിച്ച സുധിയെ തേടി പ്രധാന കഥാപാത്രങ്ങളും പിന്നാലെയെത്തിയിരുന്നു.

സപ്തമ ശ്രീ തസ്‌കരയിലെ ഗീവര്‍ഗീസ് ആടിലെ കഞ്ചാവ് സോമന്‍, ജോസഫിലെ സുധി കൈപ്പുഴ, ലവിലെ സുഹൃത്ത് പ്രിയന്‍ ഓട്ടത്തിലാണിലെ ഷമീര്‍, ഇലവീഴാപൂഞ്ചറിയിലെ ജോളിയായ പൊലീസുകാരനും ഉള്‍പ്പെടെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ സുധിയുടേതായിട്ടുണ്ട്.

എന്നാല്‍ താരം വെള്ളിത്തിരയിലെത്തിയതുമുതല്‍ ആരാധകര്‍ക്കുള്ള സംശയമാണ് എന്താണ് പേരിന് പിന്നിലെ കോപ്പ എന്നുള്ളത്. അത് വീട്ടുപേരായിരിക്കുമെന്നും എന്നാല്‍ അതല്ല മറ്റെന്തോ ഷോര്‍ട്ട് ഫോം ആയിരിക്കുംമെന്നും ആരാധകര്‍ പറയാറുണ്ട്.

തന്റെ പേരിലെ കോപ്പയെന്താണെന്ന് വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. അമൃത ടി.വിയിലെ ഫണ്‍സ് അപ്പ് ഓണ്‍ എ ടൈം എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പേരിനെ കുറിച്ച് താരം വ്യക്തമാക്കിയത്.

താരത്തിന്റെ പേര് വളരെ വെറൈറ്റിയാണെന്നും പേരിന് പിന്നിലെ രഹസ്യമെന്താണെന്നും പരിപാടിയുടെ അവതാരക ചോദിക്കുകയായിരുന്നു. ആ പേര് എങ്ങനെ വന്നു എന്ന് താന്‍ യൂട്യൂബ് നോക്കി പഠിച്ചിട്ടുണ്ടെന്നും അവതാരക പറയുന്നു. ഇരുവര്‍ക്കുമൊപ്പം രമേഷ് പിഷാരടിയും സ്റ്റേജിലുണ്ടായിരുന്നു.

‘സുധിച്ചേട്ടന്റെ പേര് സുധി കോപ്പ എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും തോന്നുന്ന പോലെ എനിക്കും തോന്നിയിട്ടുണ്ടായിരുന്നു ഭയങ്കര വെറൈറ്റി പേരാണല്ലോ. കോപ്പ അമേരിക്ക എന്നൊക്കെ പറയുന്നത് പോലെ, കോപ്പ എന്നൊരു വാല്‍ക്കഷ്ണം. അതിന്റെ റീസണ്‍ എന്താണെന്നുള്ളതൊക്കെ ഞാന്‍ യൂട്യൂബില്‍ നോക്കി പഠിച്ചിട്ടുണ്ട്,’ അവതാരക പറഞ്ഞു.

യൂട്യൂബില്‍ നോക്കി പഠിക്കാന്‍ ഇതെന്താ പി.എസ്.സി പരീക്ഷക്ക് ചോദിക്കുന്ന ചോദ്യമാണോ എന്നായിരുന്നു പിഷാരടിയുടെ മറുപടി. താരത്തിന്റെ സ്ഥലപ്പേരിന്റെ ഷോര്‍ട്ട് ഫോമാണ് പേരിലെ കോപ്പ എന്നാണ് അവതാരക വ്യക്തമാക്കിയത്.

‘അതായത് എന്റെ അറിവില്‍ കോപ്പയിലെ ‘കോ’ കൊച്ചി, ‘പ’ പള്ളുരുത്തി. സുധിച്ചേട്ടന്റെ നാട് പള്ളുരുത്തിയാണ്, കൊച്ചിക്കാരനാണ്, അങ്ങനെയാണ് കോപ്പ എന്ന പേര് വന്നത്,’ അവതാരകയായ ഡയാന പറഞ്ഞു.

ഇത് ശരിയാണെന്ന് താരം സമ്മതിക്കുകയായിരുന്നു. ‘ഇതാണോ ഈ കോപ്പ’ എന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് സുധി കോപ്പയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ അഡ്വ: റോബിന്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.

Content Highlight: Actor Sudhi Koppa on the meaning of the name