Covid 19 India
ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും 'വാക്‌സിനേറ്റ്' ആവും; ബി.ജെ.പിയോട് നടന്‍ സിദ്ധാര്‍ത്ഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 24, 03:36 am
Saturday, 24th April 2021, 9:06 am

ചെന്നൈ: അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടുമെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

അധികാരത്തില്‍ ഏറിയാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.

‘ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍, ഈ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആകും. അത് വരികയാണ്. ഞങ്ങള്‍ അപ്പോഴും ഇവിടെ ഉണ്ടാകും … കുറഞ്ഞത് ഈ ട്വീറ്റിനെയെങ്കിലും ഓര്‍മ്മപ്പെടുത്താന്‍’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

മെയ് ഒന്ന് മുതല്‍ കമ്പനികളില്‍ നിന്ന് നേരിട്ട് കാശ് കൊടുത്ത് വാക്‌സിന്‍ വാങ്ങണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്.

കമ്പനികള്‍ക്ക് വില നിര്‍ണയിക്കാനുള്ള അധികാരവും കേന്ദ്രം നല്‍കിയിരുന്നു.ബി.ജെ.പി. ഒഫീഷ്യല്‍ ട്വിറ്ററില്‍ ഹാന്റിലിലായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വാക്സിന് 400 രൂപ ഏര്‍പ്പെടുത്തുമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നു.

കേന്ദ്രത്തിന് 150 രൂപ നിരക്കിലാണ് വാക്സിന്‍ നല്‍കുന്നത്. സ്വകാര്യ ആശുപത്രികള്‍ 600 രൂപയാണ് വാക്‌സിന് നല്‍കേണ്ടത്. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മെയ് ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actor Siddharth says to BJP This country will really be ‘vaccinated’ when one day you are ousted from power;