Movie Day
'മിനിമം ഞാന്‍ കൊല്ലുകയേ ഉള്ളൂ, ഇനി കൊല്ലുമെന്ന് എഴുതി വിടരുത് കേട്ടോ'; തല്ല് വിവാദത്തില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 11, 09:16 am
Friday, 11th March 2022, 2:46 pm

ടൊവിനോ തോമസ് നായകനാകുന്ന ‘തല്ലുമാല’ യുടെ ലൊക്കേഷനില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ നാട്ടുകാരനെ തല്ലിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.

പട സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു തല്ല് വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചത്. തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു. ഈ കാലും വെച്ച് താന്‍ ഒരാളെ തല്ലിയെന്ന് എഴുതിയവര്‍ക്ക് മിനിമം ബോധമില്ലേയെന്നും ഷൈന്‍ ചോദിച്ചു.

‘ആളെ ഞാന്‍ തല്ലിയതല്ലെന്ന് മനസിലായോ ? മിനിമം ഞാന്‍ കൊല്ലുകയേ ഉള്ളൂ. ഇനി കൊല്ലുമെന്ന് എഴുതി വിടരുത് കേട്ടോ. ഞാന്‍ ഈ കാലുംവെച്ച് ആളെ തല്ലിയെന്ന് പറഞ്ഞാല്‍ മിനിമം ബോധം വേണ്ടേ?

ഞാന്‍ തല്ലിയെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അയാള്‍ എന്നെ തല്ലിയെന്ന് തോന്നുന്നുണ്ടോ’ എന്നും ഷൈന്‍ ടോം ചോദിച്ചു.

താന്‍ തല്ലിയതായുള്ള മാധ്യമവാര്‍ത്തക്കെതിരെയും ഷൈന്‍ പരോക്ഷവിമര്‍ശനമുന്നയിച്ചു. പട സിനിമയിലൂടെ ഇവിടെയൊരു മാറ്റമുണ്ടാകുമോയെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അങ്ങനെയെങ്കില്‍ നിങ്ങള്‍ മാറില്ലായിരുന്നോ എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള ഷൈന്‍ ടോമിന്റെ മറുപടി.

സത്യാവസ്ഥ എന്താണെന്ന് മനസിലാക്കാനും അറിയാനും പറ്റില്ലെങ്കില്‍ ഇനി നിങ്ങളോട് സംസാരിക്കേണ്ട കാര്യമുണ്ടോയെന്നും ഷൈന്‍ ടോം ചാക്കോ ചോദിച്ചു. നിങ്ങളൊക്കെ കണ്ടതല്ലേ അന്ന് ഞാന്‍ ഈ വാക്കിങ് സ്റ്റിക്കുമായി വന്നത്. പിന്നെ എങ്ങനെയാണ് അങ്ങനെ ഒരു വാര്‍ത്ത വന്നതെന്നും ഷൈന്‍ ടോം ചോദിച്ചു.

കളമശേരി എച്ച്.എം.ടി കോളനിയിലെ സെറ്റില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ മാലിന്യം ഇടുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായത്. പിന്നീട് പൊലീസെത്തിയാണ് വിഷയം അവസാനിപ്പിച്ചത്.

മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലൊക്കേഷനില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു.

Content Highlight: Actor Shine Tom Chacko About Issue On Thallumala Location