Entertainment news
കുട്ടികളുടെ കൗതുകമാണ് മമ്മൂക്കക്ക്, എങ്ങനെയാണ് ഡയറ്റ് നോക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 01, 10:05 am
Thursday, 1st December 2022, 3:35 pm

 

മമ്മൂക്കക്ക് കുട്ടികളുടെ കൗതുകമാണെന്ന് നടന്‍ സഞ്ജു ശിവറാം. പുതിയത് എന്തെങ്കിലും കാണുമ്പോള്‍ അത് എന്താണെന്ന് അറിയാനുള്ള കൗതുകം അദ്ദേഹത്തിന് ഉണ്ടെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ ഡയറ്റിനെകുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചിരുന്നു എന്നും, എന്നാല്‍ താന്‍ ഡയറ്റ് ഒന്നും നോക്കുന്നില്ലായെന്ന് മമ്മൂക്ക പറഞ്ഞന്നും സഞ്ജു പറഞ്ഞു.

ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ ഒരിക്കല്‍ മമ്മൂക്കയോട് ചോദിച്ചു എത്രനാളായി ഇങ്ങനെ ഡയറ്റ് ഒക്കെ ചെയ്ത് ആഹാരം നിയന്ത്രിക്കാന്‍ തുടങ്ങിയിട്ട് എന്ന്. എങ്ങനെ ഇതൊക്കെ മാനേജ് ചെയ്ത് പോകുന്നുവെന്നും ചോദിച്ചു. അപ്പോള്‍ മമ്മൂക്ക ചോദിച്ചു ഞാന്‍ ആഹാരം നിയന്ത്രിക്കുന്നത് നീ കണ്ടോ എന്ന്.

ഞാന്‍ കഴിക്കുന്ന സാധനങ്ങള്‍ നീ കണ്ടല്ലെ. സാധാരണ സാധനങ്ങളാണ് ഞാനും കഴിക്കുന്നത്. ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ശരിയാണ്. നമ്മള്‍ കഴിക്കുന്നത് പോലത്തെ സാധാരണ ആഹാരം തന്നെയാണ് അദ്ദേഹവും കഴിക്കുന്നത്. നമ്മള്‍ കഴിക്കുന്ന എല്ലാ സാധനങ്ങളും കഴിക്കും.

പിന്നെ നമ്മള്‍ ഉപയോഗിക്കുന്നതുപോലെ ഒരുപാട് മസാലയൊന്നും മമ്മൂക്ക കഴിക്കില്ല. പക്ഷെ മിതമായ ഭക്ഷണ ശൈലിയാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ അദ്ദേഹം എല്ലാം കഴിക്കുകയും ചെയ്യും. അതാണ് മമ്മൂക്കയുടെ രീതി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളിലും ഒരു കൗതുകമുണ്ട്. അല്ലാതെ ആരും കഴിക്കാത്ത പഴങ്ങള്‍ കഴിക്കണം എന്നുള്ള ആഗ്രഹമൊന്നുമല്ല.

അവിടെ ഇങ്ങനെ ഒരു സംഭവമുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുന്ന ഒരു കൗതുകമില്ലേ, അതാണ് മമ്മൂക്കക്കും ഉള്ളത്. നമ്മുടെ കുട്ടികള്‍ക്ക് തോന്നുന്ന ഒരു കൗതുകമില്ലേ, അത് തന്നെയാണ് സംഭവം. അങ്ങനെയാണ് മമ്മൂക്ക പുതിയ കാര്യങ്ങളിലേക്ക് എത്തിപ്പെടുന്നത്,’ സഞ്ജു പറഞ്ഞത്.

മാസ്റ്റര്‍പീസ്, കുട്ടനാടന്‍ ബ്ലോഗ്, റോഷാക്ക് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇറങ്ങിയ നിസാം ബഷീറിന്റെ റോഷാക്കാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം.

മമ്മൂട്ടിയെ കുറിച്ച് പൊതുവെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ സഹതാരങ്ങളോട് ചോദിക്കുന്നതാണ്. പലരും പറഞ്ഞിട്ടുള്ളതും ഇതേ മറുപടികളാണ്. മമ്മൂട്ടിയാണ് ശരീര സംരക്ഷണത്തില്‍ തന്റെ ഇന്‍സ്പിരേഷന്‍ എന്ന് നടന്‍ പൃഥ്വിരാജും പറഞ്ഞിട്ടുണ്ട്.

content highlight: actor sanju sivaram talks about mammootty