എന്റെ രാഷ്ട്രീയം കൊണ്ടാണ് സിനിമയില്‍ വിളിക്കാത്തതെങ്കില്‍ അതില്‍ ഒരു കുഴപ്പവും ഇല്ല, മറ്റ് പാര്‍ട്ടിക്കാരുടെ ഇലക്ഷന്‍ പ്രചരണത്തിന് ഞാന്‍ പോവില്ല: സലീം കുമാര്‍
രാഷ്ട്രീയത്തിന്റെ പേരില്‍ സിനിമ കിട്ടാത്തതില്‍ തനിക്ക് ഒരു കുഴപ്പവും ഇല്ലെന്ന് നടന്‍ സലീം കുമാര്‍. താനൊരു കോണ്‍ഗ്രസുകാരനാണെന്നും മറ്റ് പാര്‍ട്ടിയിലുള്ളവര്‍ രാഷ്ട്രീയ പ്രചരണത്തിന് വിളിച്ചാല്‍ അവരെത്ര വലിയ സുഹൃത്തുക്കളായാലും താന്‍ പോവില്ലെന്നും സലീം കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരനായതുകൊണ്ട് സിനിമ നഷ്ടപ്പെടുന്നുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”രാഷ്ട്രീയം എന്ന് പറയുന്നത് എന്റെ പേഴ്സണലാണ്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്ന് പറയുന്നത് കൊണ്ട് ഈ കേരളം ഇടിഞ്ഞു വീഴുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് മാത്രം എനിക്ക് സിനിമയില്‍ ചാന്‍സ് ഇല്ലാതാവുമെന്നും വിചാരിക്കുന്നില്ല.
ഒരു കമ്മ്യൂണിസ്റ്റുകാരനെയോ ബി.ജെ.പിക്കാരനെയോ രാഷ്ട്രീയ കാരണം കൊണ്ട് ഞാന്‍ ദ്രോഹിച്ചിട്ടില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഈ മഹാരാജാസിലുള്ള എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. അമല്‍ നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജിവ് രവി അങ്ങനെ എല്ലാരും എസ്.എഫ്.ഐക്കാരാണ്. അവരൊക്കെ ആയിട്ട് ഞാന്‍ ഇപ്പോഴും നല്ല സൗഹൃദത്തിലാണ്.
സുഹൃത്തുക്കളെ സുഹൃത്തക്കളായിട്ട് കാണാനും രാഷ്ട്രീയത്തെ അല്ലാതെ കാണാനൊക്കെ എനിക്ക് അറിയാം. ഞാന്‍ ഇലക്ഷന്‍ പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപ്പെട്ട ആള്‍ക്കാരുടെ കൂടെ പോവാറില്ല. അതിനുള്ള ഉദാഹരണം പി. രാജീവിന്റെ ഇലക്ഷന്‍ പ്രചരണത്തിന് ഞാന്‍ പോയില്ല. അത് ഫ്രറ്റേണിറ്റിയാണ്. മുകേഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാന്റിഡേറ്റായിരുന്നു അതിനും ഞാന്‍ പോയില്ല.
സുരേഷ് ഗോപി ഒരു ബി.ജെ.പിക്കാരനാണ് അതിനും ഞാന്‍ പോയില്ല. അതെല്ലാം എന്റെ ഇഷ്ടമാണ്. ആ കാരണം കൊണ്ട് എനിക്ക് സിനിമ കിട്ടുന്നില്ലെങ്കില്‍ ആ സിനിമ വേണ്ട. ഞാന്‍ ഒരു കോണ്‍ഗ്രസ്‌കാരനായതുകൊണ്ടാണ് എന്നെ സിനിമയില്‍ വിളിക്കാത്തെതെങ്കില്‍ എനിക്ക് അതില്‍ ഒരു കുഴപ്പവും ഇല്ല,” സലീം കുമാര്‍ പറഞ്ഞു.
content highlight:actor salim kumar about his politics