പത്മരാജന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് റഹ്‌മാന്‍. കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്‍ തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്. തൊണ്ണൂറുകളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം തന്റേതായ ഒരു സ്ഥാനം മലയാളത്തില്‍ നേടാന്‍ റഹ്‌മാന് കഴിഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ സാധിച്ച റഹ്‌മാന്‍ പിന്നീട് അന്യഭാഷകളിലും തിളങ്ങിയിരുന്നു. രണ്ടാം വരവിലും റഹ്‌മാന്‍ മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകപ്രീതി നേടി.
തമിഴില്‍ വലിയൊരു ഇടവേളക്ക് ശേഷം റഹ്‌മാന്‍ ഭാഗമായ ചിത്രമായിരുന്നു ബില്ല. രജിനികാന്തിന്റെ ഇതേപേരിലുള്ള ചിത്രത്തിന്റെ റീമേക്കായി ഒരുങ്ങിയ ബില്ലയില്‍ വില്ലന്‍ വേഷത്തിലാണ് റഹ്‌മാന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ അതില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നെന്ന് പറയുകയാണ് റഹ്‌മാന്‍.
വില്ലന്‍ വേഷം ചെയ്യാന്‍ തനിക്ക് ആ സമയത്ത് താത്പര്യമില്ലായിരുന്നെന്നും ആളുകള്‍ തനിക്ക് മോശം ഇമേജ് തരുമോ എന്ന് പേടിയായിരുന്നെന്നും റഹ്‌മാന്‍ പറഞ്ഞു. ആ സമയത്ത് അജിത്തിനെക്കുറിച്ച് ഒരുപാട് ഗോസിപ്പ് കേട്ടിരുന്നുവെന്നും അയാള്‍ വലിയ അഹങ്കാരിയാണെന്ന് പലരും പറഞ്ഞ് കേട്ടിരുന്നെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാരണങ്ങള്‍ കൊണ്ട് ആ ചിത്രം വേണ്ടെന്ന് വെച്ചെന്നും എന്നാല്‍ സംവിധായകന്‍ തന്നെ ഒരുപാട് നിര്‍ബന്ധിച്ചെന്നും റഹ്‌മാന്‍ പറഞ്ഞു.
എന്നാല്‍ സെറ്റിലെത്തി അജിത്തുമായി പരിചയത്തിലായപ്പോള്‍ ആ ഗോസിപ്പുകളെല്ലാം കള്ളമായിരുന്നെന്ന് മനസിലായെന്നും റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഫ്രണ്ട്‌ലിയായിട്ടുള്ള നടനാണ് അജിത്തെന്നും അയാളുടെ സ്വഭാവം തന്നെ അത്ഭുതപ്പെടുത്തിയെന്നും റഹ്‌മാന്‍ പറഞ്ഞു. കുമുദം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ഇക്കാര്യം പറഞ്ഞത്.
‘ബില്ലയുടെ കഥ സംവിധായകന്‍ എന്നോട് വന്ന് പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ ഒഴിവാക്കാന്‍ നോക്കിയിരുന്നു. കാരണം, ഒരു ചെറിയ ബ്രേക്ക് കഴിഞ്ഞ് വരുന്ന സിനിമയായിരുന്നു അത്. ആ ചിത്രത്തില്‍ വില്ലനായി വന്നാല്‍ ആളുകള്‍ മോശമായി കാണുമോ എന്ന പേടിയുണ്ടായിരുന്നു. അത് മാത്രമല്ല, ആ സമയത്ത് അജിത്തിനെപ്പറ്റി ഒരുപാട് ഗോസിപ്പുകളും കേട്ടിരുന്നു.
അയാള്‍ അഹങ്കാരിയാണ്, ആരെയും മൈന്‍ഡ് ചെയ്യില്ല എന്നിങ്ങനെ ആരൊക്കെയോ പറഞ്ഞുകേട്ടു. ഇതൊക്കെ കേട്ടപ്പോള്‍ അജിത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തോന്നിയില്ല. പക്ഷേ, സംവിധായകന്‍ എന്നെ എങ്ങനെയോ കണ്‍വിന്‍സ് ചെയ്യിച്ചു. സെറ്റിലെത്തി അജിത്തുമായി പരിചയത്തിലായപ്പോള്‍ അയാളുടെ സ്വഭാവം എന്നെ അത്ഭുതപ്പെടുത്തി. അത്രയും ഫ്രണ്ട്‌ലിയായിട്ടുള്ള നടനെ ഞാന്‍ വേറ കണ്ടിട്ടില്ല. അയാളെപ്പറ്റി കേട്ടതൊക്കെ കള്ളമാണെന്ന് എനിക്ക് മനസിലായി,’ റഹ്‌മാന്‍ പറയുന്നു.
Content Highlight: Actor Rahman about the shooting experience with Ajith Kumar in Billa