Film News
മമ്മൂക്കയെ ഞെട്ടിച്ച് ആനിക്ക് പകരം വന്നത് ഭീമന്‍ രഘു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 23, 08:33 am
Monday, 23rd October 2023, 2:03 pm

ദുബായിലെ സ്‌കിറ്റിനിടയില്‍ ആനിക്ക് പകരം ഭീമന്‍ രഘു വന്ന രസകരമായ സന്ദര്‍ഭത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മുകേഷ്. ആനിക്ക് പകരം ഭീമന്‍ രഘുവാണ് വന്നതെന്നറിഞ്ഞ് മമ്മൂട്ടി ഞെട്ടിയതിനെ പറ്റിയും മുകേഷ് പറയുന്നുണ്ട്.

‘ഒരു തവണ ദുബായില്‍ നിന്ന് സ്‌കിറ്റ് കഴിഞ്ഞശേഷം ഞങ്ങളെല്ലാവരും ബഹ്റൈനിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ ഒരു പ്രശ്‌നം വന്നു. രാജ്യം വിട്ട് പോയാല്‍ ഒന്നുകൂടെ വിസ എടുത്തിട്ട് വേണം വരാനെന്ന് പറഞ്ഞു. പുരുഷന്മാര്‍ക്കൊക്കെ അവിടെ താമസിക്കാം. പക്ഷെ സ്ത്രീകള്‍ക്ക് വേണമെങ്കില്‍ ഒറ്റക്ക് താമസിക്കാമെങ്കിലും അവരുടെ അമ്മമ്മാര്‍ക്ക് അവിടെ താമസിക്കാന്‍ പറ്റില്ല. വേണമെങ്കില്‍ നാട്ടിലേക്ക് തിരിച്ചു പോയി വിസ എടുത്ത് വരണം.

അതോടെ ആകെ കണ്‍ഫ്യൂഷനായി. നിങ്ങളെല്ലാവരും പോയാല്‍ താന്‍ തകര്‍ന്നു പോകുമെന്ന് സ്‌പോണ്‍സര്‍ വന്ന് പറഞ്ഞു. അതോടെ ഞങ്ങള് പുരുഷന്മാരൊക്കെ അവിടെ താമസിച്ചു സ്ത്രീകള്‍ വിസയെടുക്കാന്‍ നാട്ടിലേക്ക് വന്നു. അങ്ങനെ ആ പ്രോഗ്രാം നീട്ടിവെച്ചു.

സ്ത്രീകളൊക്കെ നാട്ടില്‍ പോയ ശേഷം നമ്മളൊക്കെ അവര്‍ തിരിച്ചു വരുന്നത് കാത്തിരിക്കുകയാണ്. ഈ സമയത്ത് ആനി ഷാജി കൈലാസുമായിട്ട് പ്രണയത്തിലായിരുന്നു. അത് നമ്മള്‍ അറിയുന്നുണ്ടായിരുന്നില്ല.
കൃത്യം ഈ സമയത്ത് തന്നെ അവര്‍ തമ്മിലുള്ള വിവാഹം കഴിഞ്ഞു. ആനി ഞങ്ങളെ വിളിച്ച് ഈ കാര്യം പറഞ്ഞു. കല്യാണം കഴിഞ്ഞത് കൊണ്ട് ഇനി അങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞു.

ഞങ്ങള്‍ക്ക് ഇത് വലിയൊരു അടിയായിരുന്നു. ഇത്രയും മാസം റിഹേഴ്സല്‍ ചെയ്തിട്ട് പെട്ടെന്ന് നായിക എത്തില്ലെന്ന് പറഞ്ഞത് ഷോക്കായി. എല്ലാവരും എന്തു ചെയ്യുമെന്നറിയാതെ നിന്നു. പിന്നെയുള്ള നായികമാരൊക്കെ മലയാളം അത്ര അറിയുന്നവരല്ല. അവരൊക്കെ ഡാന്‍സ് ചെയ്യുന്നവരാണ്. പിന്നെ ചെറിയ ഡയലോഗൊക്കെ പറയും.

ഈ സ്‌കിറ്റ് ലൈവാണ്. റെക്കോഡ് ചെയ്ത് വെച്ചതാണെങ്കില്‍ ഏതെങ്കിലും ഒരു നായികയെ കൊണ്ടു വന്ന് ലിപ് മൂവ്‌മെന്റ് ഓക്കേയാക്കിയാല്‍ മതിയായിരുന്നു. ഇത് ലൈവായത് കൊണ്ട് ഇത്രയും വലിയ റോള്‍ ആര്‍ക്ക് കൊടുക്കാന്‍ പറ്റും. ഉടനെ ഇവിടുന്ന് നാട്ടിലേക്ക് വിളിച്ച് മലയാളം അറിയാവുന്ന ആരെയെങ്കിലും കയറ്റി വിടാന്‍ പറഞ്ഞു. അവരതു ചെയ്യാമെന്ന് പറഞ്ഞു.

ഞങ്ങള്‍ ഇടക്ക് വിളിക്കുമ്പോഴൊക്കെ നാട്ടില്‍ നിന്ന് പറയുന്നത്, അവര് പുതിയ ആള്‍ക്ക് വേണ്ടി ശ്രമിക്കുകയാണ് എന്നാണ്. ഷോയുടെ രണ്ട് ദിവസം മുമ്പാണ് പുതിയ ആളെത്തുന്നത്. ആള്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത് കാത്തു നില്‍ക്കുകയാണ് എല്ലാവരും. എന്നാല്‍ ആ ടീമിനെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ട് ആനിക്ക് പകരം വന്നിറങ്ങുന്നത് ഭീമന്‍ രഘുവാണ്.

ഞങ്ങളെല്ലാവരും ഭീമന്‍ രഘുവിന്റെ പിന്നിലേക്ക് നായികയെ നോക്കി നിന്നു. നായിക ഇറങ്ങി വരുന്നത് പ്രതീക്ഷിച്ചാണ് നില്‍പ്പ്. പക്ഷെ പിന്നില്‍ നിന്ന് ആരും വന്നില്ല. ഭീമന്‍ രഘു ഞങ്ങളുടെ നേരെ നടന്നു വന്ന് കൈ തന്നു പറഞ്ഞു, ‘ആനിക്ക് പകരം ഞാനാണ് വന്നിരിക്കുന്നത്.’

പെട്ടെന്ന് എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹത്തിന് വിഷമം ആകുമെന്ന് കരുതി ഞാന്‍ തലയാട്ടി കൊണ്ട് നിന്നു. എന്നിട്ട് എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക് വിളിച്ചു. ഉടനെ അവിടുന്ന് പുതിയ ആളാരാണെന്നു ചോദിച്ചു. ഉഗ്രന്‍ പാര്‍ട്ടിയാണെന്നും നല്ല ഫിഗറും ശക്തിയുമുള്ള ആളാണെന്നും പറഞ്ഞു.

അതു കേട്ടതും മമ്മൂക്ക പെട്ടെന്ന്, ‘ഡാ പുല്ലേ ആരാണെന്ന് പറയടാ’ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ഭീമന്‍ രഘുവാണെന്ന് പറഞ്ഞു. മമ്മൂക്ക അത് വിശ്വാസിച്ചില്ല. അപ്പോള്‍ ഭീമന്‍ രഘു മാത്രമെ വന്നിട്ടുള്ളൂവെന്നും വേറെ ആരും വന്നിട്ടില്ലെന്നും പറഞ്ഞു. അതു കേട്ട് മമ്മൂക്ക ഞെട്ടി.

രഘുവിനാണെങ്കില്‍ ഒന്നും അറിയില്ല. പെട്ടെന്ന് ഒരാളെ വേണമെന്ന് പറഞ്ഞപ്പോള്‍ താന്‍ വന്നതാണെന്ന് പറഞ്ഞു. അതോടെ നേരെ നാട്ടിലേക്ക് വിളിച്ചു. അവിടുന്ന് വന്ന മറുപടി, ‘പലരെയും വിളിച്ചു. ആര്‍ക്കും ഡേറ്റില്ല. ഉള്ളവരൊക്കെ വലിയ റേറ്റാണ് പറയുന്നത്.’ എന്നാണ്.

ഭീമന്‍ രഘു ഫ്രീ ആയിട്ട് ആ സമയത്ത് ഉണ്ടായിരുന്നത് കൊണ്ടും അയാള്‍ക്ക് അവര്‍ പറഞ്ഞ റേറ്റ് ഓക്കെയായത് കൊണ്ടും ആനിക്ക് പകരം ഭീമന്‍ രഘുവായി,’ മുകേഷ് പറഞ്ഞു.

Content Highlight: Actor Mukesh Talks About  Bheeman Raghu Replaced Annie