ഒരു മാപ്പപേക്ഷുടെ കഥ പറയുകയാണ് നടന്‍ മുകേഷ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം ഓര്‍ക്കുന്നത്. നടന്‍ ക്യാപ്റ്റന്‍ രാജുവുമൊത്തുള്ള അനുഭവമാണ് മുകേഷ് പങ്കുവെക്കുന്നത്. ചില തെറ്റിദ്ധാരണമൂലം തങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ചയെ കുറിച്ചും പിന്നീടുണ്ടായ ഒത്തുചേരലിനെ കുറിച്ചുമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പറയുന്നത്.
ക്യാപ്റ്റന്‍ രാജു ചേട്ടനും ഞാനും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഇങ്ങനെ ഒരുപാട് തമാശക്കഥകളൊക്കെ പറയും. അതെല്ലാം കേട്ട് അദ്ദേഹം ചിരിക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ പറയാത്തെ ചില തമാശകള്‍ ഞാന്‍ പറഞ്ഞു എന്ന് പറഞ്ഞ് ചിലര്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി പറഞ്ഞു.
അദ്ദേഹത്തോട് ഇത്തിരി ദേഷ്യമുള്ളവരും അദ്ദേഹം വിഷമിക്കുന്നത് കാണാന്‍ ആഗ്രഹമുള്ളവരുമൊക്കെയായിരിക്കും ഇത് ചെയ്യുന്നത്. ‘മുകേഷ് ഇങ്ങനെയൊരു കഥയിറക്കിയിട്ടുണ്ട് കേട്ടോ’ എന്ന രിതീയിലാണ് പോയി പറയുക. അദ്ദേഹത്തിന് ഇത് വിഷമമായി. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരിക്കലും അത്തരത്തില്‍ കഥ ഇറക്കില്ല.
തമാശക്കഥകള്‍ ഇറക്കുന്നതിലും തമാശ പറയുന്നതിനുമുള്ള നിയമങ്ങളില്‍ ഒന്ന് മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്നതാണ്. എന്തെങ്കിലും ഒന്ന് അത്തരത്തിലുണ്ടെങ്കില്‍ അത് അയാള്‍ കൂടി ഇരിക്കുമ്പോഴേ പറയാവൂ. അയാള്‍ ഇരിക്കാത്തപ്പോള്‍ പറഞ്ഞാല്‍ അത് പരദൂഷണമാവും.
ഇദ്ദേഹം കുറേ നാള്‍ ഇത് മനസില്‍ കൊണ്ടുനടന്നു. ഇത് ഞാനറിയുന്നുണ്ട്. എന്താണ് ഇതൊന്നും മുകേഷിനോട് ചോദിക്കാത്തതെന്ന് ഈ കഥ പറഞ്ഞുകൊടുത്തവര്‍ അദ്ദേഹത്തോട് ഇടക്കിടെ ചോദിക്കുമ്പോള്‍ അവനോട് ഞാന്‍ ചോദിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയും. ഇതും അവര്‍ എന്റെ അടുത്ത് വന്ന് പറയും.
അങ്ങനെ രണ്ടുപേരും പരസ്പരം തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും തുറന്നുപറയാതെ നടക്കുകയാണ്. അങ്ങനെയിരിക്കെ ഊട്ടിയില്‍ ഗോള്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ചിത്രത്തില്‍ ഞാനും ക്യാപ്റ്റന്‍ രാജു ചേട്ടനുമുണ്ട്. ഭയങ്കര തണുപ്പാണ് അവിടെ. അവിടുത്തെ ഒരു സ്‌കൂളിലാണ് ഷൂട്ടിങ്. അങ്ങനെ ഞാന്‍ വലിയൊരു ഹാളില്‍ ഇരുന്ന് മേക്കപ്പ് ചെയ്യുകയാണ്.
ഒരു ഭ്രാന്തന്റെ വേഷമാണ് ചെയ്യുന്നത്. മേക്കപ്പിനായി ഞാന്‍ ചെന്ന് ഇരുന്ന് കൊടുക്കും. പിന്നെ ഞാന്‍ ഉറങ്ങിപ്പോകും. രണ്ടുമണിക്കൂറോളമുള്ള മേക്കപ്പ് കഴിഞ്ഞാല്‍ മേക്കപ്പ്മാന്‍ എന്നെ വിളിക്കും. അങ്ങനെ ഒരു ദിവസം ഞാന്‍ മേക്കപ്പ് ചെയ്ത് കഴിഞ്ഞപ്പോള്‍ സീന്‍ ആയിട്ടില്ലെന്നും ചേട്ടന്‍ കുറച്ചുകഴിഞ്ഞു വന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്.
ചുറ്റും കണ്ണാടിയാണ്. ഞാന്‍ ഇങ്ങനെ ചുറ്റും നോക്കിയപ്പോള്‍ പിറകിലായി ക്യാപ്റ്റന്‍ രാജു ഇരിക്കുന്നു. ഇത് ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ ഉറങ്ങുന്ന സമയത്താണ് അദ്ദേഹം വന്നത്. ഞാന്‍ ഒന്നുകൂടി നോക്കിയപ്പോഴാണ് ആ വലിയ മുറിയില്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമേയുള്ളൂ എന്ന് മനസിലാകുന്നത്. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം എന്റെ അടുത്തേക്ക് നടന്നുവരികയാണ്. ഇന്ന് ഇവിടെ എന്തെങ്കിലും നടക്കും എന്ന മട്ടിലാണ് ഞാന്‍ ഇരിക്കുന്നത്.
ഞാന്‍ പതുക്കെ എഴുന്നേറ്റു. അദ്ദേഹം അടുത്ത് വന്ന് നിന്നിട്ട് എന്റെ കൈയില്‍ പിടിച്ചു. അപ്പോള്‍ ‘ഞാനല്ല ആ കഥകളൊക്കെ പറഞ്ഞത്’ എന്ന് അദ്ദേഹത്തോട് പറഞ്ഞു മനസിലാക്കണമെന്നുണ്ട്. എന്നാല്‍ അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, പല കാര്യങ്ങളും ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഞാന്‍ മൂലം നിന്റെ മനസിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് മാപ്പുതരണം എന്ന്.
ഇതോടെ ഞാനും അദ്ദേഹത്തിന്റെ കൈപിടിച്ചുകൊണ്ട് എനിക്കും മാപ്പുതരണമെന്ന് ഞാനും പറഞ്ഞ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. തെറ്റിദ്ധാരണ മൂലം അദ്ദേഹവും എപ്പോഴോ വിഷമിച്ചിട്ടുണ്ട്. അതിന് മാപ്പുപറയാന്‍ പറ്റിയതില്‍ എനിക്ക് സന്തോഷം തോന്നി. ഇതാണ് എന്റെ ഓര്‍മ്മയിലുള്ള ഒരു മാപ്പപേക്ഷ,’ മുകേഷ് പറയുന്നു.