Entertainment news
ആ സിനിമ പ്രായമുള്ള ഒരാളും കൊച്ചു പെണ്‍കുട്ടിയുമൊത്തുള്ള പ്രണയമാണെന്നൊക്കെ വെറുതെ പറയുകയാണ്, ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ഇവന്റെ ഒക്കെ ഫാദര്‍ ജനിച്ചിട്ട് പോലുമില്ല: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 02, 06:12 pm
Thursday, 2nd March 2023, 11:42 pm

ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിനെതിരെ വന്ന യൂട്യൂബ് റിവ്യൂകള്‍ക്കെതിരെ നടന്‍ മുകേഷ്. ഒരു സിനിമ ഉണ്ടാക്കുവാന്‍ സംവിധായകനും നിര്‍മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്‌നങ്ങള്‍ വലുതാണെന്നും ഫസ്റ്റ് ഷോ കഴിയുമ്പോള്‍ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ വന്ന് അത് കൊള്ളില്ലെന്നും കാണരുതെന്നും പറയുകയാണെന്നും മുകേഷ് പറഞ്ഞു.

ഓ മൈ ഡാര്‍ലിംഗ് പ്രായമുള്ള ഒരാള്‍ കൊച്ചു പെണ്‍കുട്ടിയുമായി ഉള്ള പ്രണയമാണെന്നൊക്കെ വെറുതെ പറയുകയാണെന്നും കഥയെന്താണെന്നോ സിനിമ എങ്ങനെയുണ്ടെന്നോ പറയുന്നില്ലെന്നും മുകേഷ് പറഞ്ഞു. ജി.സി.സി റിലീസിനോട് അനുബന്ധിച്ച് ദുബായില്‍ വെച്ച് നടന്ന പ്രസ് കോണ്‍ഫെറന്‍സിലാണ് മുകേഷ് ഓണ്‍ലൈന്‍ റിവ്യൂവേഴ്സിനെതിരെ സംസാരിച്ചത്.

‘സോഷ്യല്‍ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണ് എനിക്കുള്ളത്. അതിനെക്കുറിച്ചെല്ലാം നിരവധി ചര്‍ച്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അതില്‍ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതില്‍ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം.

ഇതൊക്കെ പറയാന്‍ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇവര്‍ക്കുള്ളത്? ബാക്കിയുള്ളവര്‍ ഒക്കെ മണ്ടന്മാരാണോ? സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകള്‍ നടത്തുമ്പോള്‍ അവിടെ ചെറിയ രീതിയില്‍ പത്രവും റേഡിയോ ഒക്കെ നടത്തുന്നവര്‍ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാന്‍ സ്‌പോണ്‍സേഴ്സിന്റെ കയ്യില്‍ നിന്നും പണം ആവശ്യപ്പെടുമായിരുന്നു.

പാവം സ്‌പോണ്‍സേഴ്സ് പേടിച്ച് പണം നല്‍കുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മള്‍ പറഞ്ഞാലും വേണ്ട കൊണ്ട് പൊയ്ക്കോട്ടെ എന്ന് പറയുന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സമ്പ്രദായമാണ് ഇപ്പോള്‍ ടെക്നോളജിയുടെ വളര്‍ച്ചയുടെ വേറെ രീതിയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല. കാശ് കിട്ടാത്തതിന്റെ കുഴപ്പമാണ്.

ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാര്‍ലിംഗില്‍ പ്രായമുള്ള ഒരാള്‍ കൊച്ചു പെണ്‍കുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെല്‍വിന്‍ ഒക്കെയാണ് പ്രായമുള്ള ഒരാള്‍ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാര്‍ക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങി. കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്തെങ്കിലും കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ കുറ്റങ്ങള്‍ തേടിപോകുന്നത്.

മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളില്‍ ചിരിക്കാനുള്ളത് പറയുമ്പോള്‍ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോള്‍ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തന്‍ പറയുന്നത്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ഇവന്റെ ഒക്കെ ഫാദര്‍ ജനിച്ചിട്ട് പോലുമില്ല. ഒരു സീനെടുത്ത് കഴിഞ്ഞാല്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കുഴപ്പമാണെന്ന് പറയുവാന്‍ ഉള്ള അവകാശവും സീനിയോരിറ്റിയും എനിക്കുണ്ട്. ഇതിപ്പോള്‍ കൊച്ചുകുട്ടികള്‍ വരെ വന്ന് ചുമ്മാ പരിഹസിക്കുകയാണ്. ഇവര്‍ക്കൊക്കെ എന്തോ കിട്ടാനുള്ളത് കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറ്റം പറയുമ്പോള്‍ നല്ല കാര്യങ്ങള്‍ കൂടി പറയണം. എന്നാലേ വിശ്വസിക്കുവാന്‍ പറ്റൂ.

ഷോലെ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. എന്താണ് ഈ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും ഒക്കെ എന്താണ് ഈ കാണിക്കുന്നത്? ഇവരുടെ മുഖത്ത് എന്താണ് വരുന്നത്? എന്നൊക്കെ അന്ന് ഇവര്‍ ചോദിച്ചേനെ. അമിതാഭ് ബച്ചനൊക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം,” മുകേഷ് പറഞ്ഞു.

content highlight: actor mukesh about film online reviews