Movie Day
മമ്മൂട്ടിയായാലും ഞാനായാലും അടൂര്‍ സ്‌ക്രിപ്റ്റ് നേരത്തെ വായിക്കാന്‍ തരില്ല; തുറന്നുപറഞ്ഞ് എം.ആര്‍. ഗോപകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 17, 09:57 am
Saturday, 17th July 2021, 3:27 pm

കൊച്ചി: നാടക രംഗത്ത് നിന്ന് സിനിമയിലേക്കും സീരിയലിലേക്കും എത്തിയയാളാണ് എം.ആര്‍. ഗോപകുമാര്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ വിധേയനിലെ കഥാപാത്രം അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി.

ചിത്രത്തിലേക്ക് എത്തിയതിനെപ്പറ്റി പറയുകയാണ് ഗോപകുമാര്‍. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സ്തുറന്നത്.

‘അടൂരിന്റ മതിലുകള്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. മമ്മൂട്ടിയുടെ കൂടെ ജയിലില്‍ കഴിയുന്ന തടവുകാരനായിട്ടായിരുന്നു ഞാനെത്തിയത്. ഒരു അപ്രധാന വേഷമായിരുന്നു.

നാലുവര്‍ഷം കഴിഞ്ഞ് അടൂര്‍ സര്‍ വിധേയനിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുകയായിരുന്നു. ഒരു ദിവസം ഞാന്‍ ഓഫീസിലിരിക്കുന്ന സമയം അടൂര്‍ എന്നെ വിളിച്ചു.

വൈകുന്നേരം വീട്ടിലേക്ക് ഒന്ന് വരണം എന്ന് പറഞ്ഞു. ചെന്നപ്പോള്‍ ഇങ്ങനെയൊരു പടം ചെയ്യാന്‍ പോകുകയാണെന്നും അതിലൊരു വേഷം താന്‍ ചെയ്താല്‍ കൊള്ളാമെന്നും അടൂര്‍ സര്‍ പറഞ്ഞു. മമ്മൂട്ടിയാണ് ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ കരുതി മതിലുകളിലെ പോലെയുള്ള വേഷമായിരിക്കുമെന്ന്. സക്കറിയയുടെ ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണെന്നും പറഞ്ഞു.

ഞാന്‍ ആ കഥ വായിച്ചിട്ടില്ലായിരുന്നു അപ്പോള്‍. അടൂര്‍ സാറിന് സ്‌ക്രിപ്റ്റ് നേരത്തെ വായിക്കുന്നത് ഇഷ്ടമല്ലായിരുന്നു. പുള്ളി ആര്‍ക്കും സ്‌ക്രിപ്റ്റ് കൊടുക്കാറില്ല. ഞാനായാലും ശരി. മമ്മൂട്ടിയായാലും ശരി.

സ്‌ക്രിപ്റ്റ് കൊടുക്കുന്ന പ്രശ്‌നമേയില്ല. ഷോട്ട് എടുക്കുന്ന സമയത്ത് ഡയലോഗ് മാത്രം പറഞ്ഞുകൊടുക്കും. നേരത്തെ വായിച്ച് പഠിക്കാനൊന്നും അദ്ദേഹം അനുവദിക്കില്ല,’ ഗോപകുമാര്‍ പറഞ്ഞു.


Content Highlights; Actor MR Gopakumar About Adoor Gopalakrishnan