national news
രാഷ്ട്രപതിക്കും സമയപരിധി; സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രം പുനഃപരിശോധന ഹരജി നല്‍കാന്‍ സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 13, 04:12 am
Sunday, 13th April 2025, 9:42 am

ന്യൂദല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധന ഹരജി നല്‍കാന്‍ സാധ്യത. വിധിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരജി ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമുണ്ടാകണമെന്ന കോടതി വിധിക്കെതിരെയാണ് കേന്ദ്രം ഹരജി നല്‍കുക. തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി തടഞ്ഞുവെച്ചതിനെതിരായ കേസിലായിരുന്നു കോടതി വിധി.

ബില്ലുകള്‍ പിടിച്ചുവെക്കുന്നുണ്ടെങ്കില്‍ അതിന് മതിയായ കാരണങ്ങള്‍ വേണമെന്നാണ് ഇന്നലെ (ശനി) കോടതി വ്യക്തമാക്കിയത്. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ഭരണഘടനയുടെ 201-ാം വകുപ്പ് പ്രകാരം ബില്ലിലെ രാഷ്ട്രപതിയുടെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പ്രസ്തുത നിയമം നിലവിലിരിക്കെയായിരുന്നു കോടതിയുടെ ഉത്തരവ്.

കോടതി ഉത്തരവിനെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ അധികാരപരിധി കടന്നുവെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

പ്രസ്തുത കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ തമിഴ്നാട് ഗവര്‍ണര്‍ തിരിച്ചടി നേരിട്ടിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

ഗവര്‍ണര്‍ക്ക് രാഷ്ട്രപതിയുടെ അധികാരവും വീറ്റോ അധികാരവും ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് രാഷ്ട്രപതിക്കും കോടതി സമയപരിധി നിശ്ചയിച്ചത്. ഇതോടെ തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ 10 ബില്ലുകളും നിയമമായി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടേയോ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനം സംബന്ധിച്ച ഭേദഗതി ചെയ്ത നിയമങ്ങളടക്കം ഉള്‍പ്പെടുന്നു.

തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി (ഭേദഗതി) നിയമം, 2020, തമിഴ്‌നാട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി (ഭേദഗതി) നിയമം, 2020, തമിഴ്‌നാട് യൂണിവേഴ്‌സിറ്റീസ് ലോസ് (ഭേദഗതി) നിയമം, 2022, തമിഴ്‌നാട് ഡോ. അംബേദ്കര്‍ ലോ യൂണിവേഴ്‌സിറ്റി (ഭേദഗതി) നിയമം, 2022, തമിഴ്‌നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ചെന്നൈ (ഭേദഗതി) നിയമം, 2022, തമിഴ്‌നാട് കാര്‍ഷിക യൂണിവേഴ്‌സിറ്റി (ഭേദഗതി) നിയമം, 2022, തമിഴ് യൂണിവേഴ്‌സിറ്റി (രണ്ടാം ഭേദഗതി) നിയമം, 2022, തമിഴ്‌നാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി (ഭേദഗതി) നിയമം, 2023, തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി (ഭേദഗതി) നിയമം, തമിഴ്‌നാട് യൂണിവേഴ്‌സിറ്റീസ് ലോസ് (രണ്ടാം ഭേദഗതി) നിയമം, 2022 തുടങ്ങിയ നിയമങ്ങളാണ് പാസാക്കിയത്.

Content Highlight: Time limit for President too; Centre likely to file review petition against Supreme Court verdict