Entertainment
ചിരിക്കരുത്, പല്ലുപോലും വെളിയില്‍ കാണരുതെന്ന് മമ്മൂക്ക പറഞ്ഞു: അസീസ്‌ നെടുമങ്ങാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 13, 04:09 am
Sunday, 13th April 2025, 9:39 am

 

ആക്ഷന്‍ ഹീറോ ബിജു, വണ്‍, ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി, തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. ടെലിവിഷന്‍ പരിപാടികളില്‍ ഹാസ്യ നടനായാണ് അസീസിന്റെ തുടക്കം. തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന അസീസിന് ഒരു ബ്രേക്ക് ത്രൂ നേടികൊടുത്ത ചിത്രമായിരുന്നു 2023 ല്‍ പുറത്ത് വന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്‍ മമ്മൂട്ടിയോടൊപ്പം പൊലീസ് വേഷത്തില്‍ പ്രധാന കഥാപാത്രമായി അസീസും ഉണ്ടായിരുന്നു.

ഇപ്പോള്‍ താന്‍ കണ്ണൂര്‍ സ്‌ക്വാഡില്‍ ചെയ്ത കഥാപാത്രം മറ്റൊരാള്‍ ചെയ്യാനിരുന്നതാണെന്നും കോമഡി ഈ സിനിമയില്‍ ചെയ്യണ്ട എന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ചും സംസാരിക്കുകയാണ് അസീസ്.

താന്‍ സിനിമയില്‍ ചെയ്ത ജോസ് എന്ന കഥാപാത്രം മറ്റൊരാള്‍ ചെയ്യാനിരുന്നതാണെന്നും പിന്നീട് തനിക്ക് കിട്ടിയതാണെന്നും അസീസ് പറയുന്നു. താന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ആളായാതിനാല്‍ ആ രീതിയിലാണ് റൈറ്റര്‍ തന്റെ കഥാപാത്രത്തെ സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും അസീസ് പറയുന്നു.
എന്തെങ്കിലും ഒരു മാറ്റമൊക്കെ അസീസിന് കൊടുക്കണ്ടേ എന്ന് മമ്മൂട്ടി പറയുകയുണ്ടായെന്നും പിന്നീടാണ് ആ റോള്‍ സീരിയസായി തന്നെ ചെയ്തതെന്നും അസീസ് പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ സിനിമയിലെ ജോസ് എന്നുള്ള കഥാപാത്രം മറ്റൊരാളായിരുന്നു ചെയ്യാനിരുന്നത്. എന്തോ ദൈവാനുഗ്രഹം കൊണ്ട് അത് എന്റെ കയ്യില്‍ വന്നു. ആദ്യം പറഞ്ഞ സ്‌ക്രിപ്റ്റും പിന്നീട് തന്ന സ്‌ക്രിപ്റ്റിലും ചെറിയ വ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നു. കുറച്ച് ഹ്യൂമര്‍ ഒക്കെ കൂട്ടിചേര്‍ത്തിരുന്നു. അങ്ങനെ ഒരു സീനില്‍ മമ്മൂക്കയോടപ്പം അഭിനയിച്ച് കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഹ്യൂമര്‍ പറഞ്ഞു. അപ്പോള്‍ മമ്മൂക്ക എന്താ ഇത് ഇങ്ങനെ എന്ന് ചോദിച്ചു. ഞാന്‍ ആ സ്‌ക്രിപ്റ്റില്‍ ഉള്ള കാര്യങ്ങളാണ് പഠിച്ച് പറഞ്ഞത്.

അങ്ങനെ റൈറ്ററിനെയൊക്കെ വിളിച്ച് ഇത് എന്താ സംഭവം എന്ന് മമ്മൂക്ക ചോദിച്ചു. അസീസിക്കയായതുകൊണ്ട് ചെറുതായി ഹ്യൂമര്‍ കൊണ്ട് വന്നതാണെന്ന് ഷാഫി അദ്ദേഹത്തോട് പറഞ്ഞു. എന്താടോ അവനെ ഒന്ന് മാറ്റി ചെയ്യാന്‍വേണ്ടിട്ട് നോക്കൂ എന്ന് മമ്മൂക്ക പറഞ്ഞു. എനിക്ക് ഹ്യൂമര്‍ ചെയ്യാന്‍ ഓക്കെയായിരുന്നു.

പിന്നീട് മമ്മൂക്ക എന്റെയടുത്ത് ‘തനിക്ക് വിഷമമായോടോ നിനക്ക് വിഷമമായെന്ന് എനിക്കറിയാം. ബാക്കി സിനിമ ഇറങ്ങുമ്പോള്‍ നിനക്ക് മനസിലാകും. ഒന്ന് മാറ്റിയൊക്കെ ചെയ്യടോ’എന്ന് മമ്മൂക്ക എന്റെയുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. അത് ഭയങ്കര ഒരു സംഭവമായിരുന്നു. അവിടെ ഞാന്‍ ഹ്യൂമര്‍ ചെയ്തിരുന്നെങ്കില്‍ സ്ഥിരം സിനിമകളില്‍ ചെയ്യുന്ന ഒരു പാറ്റേണ്‍ തന്നെ വന്നേനേ. നീ ചിരിക്കുകപോലും ചെയ്യരുത്, നിന്റെ പല്ല് പോലും വെളിയില്‍ കാണിക്കരുതെന്ന് പറഞ്ഞിരുന്നു,’അസീസ് പറഞ്ഞു.

Content Highlight: Azeez talks  about what Mammootty told him in the Kannur squad.